പാലക്കാട് 'ഹെഡ്ഗേവാർ' പേര് വിവാദം തുടരുന്നതിനിടെയാണ് ബിജെപി- യൂത്ത് കോൺഗ്രസ് സംഘർഷമുണ്ടായത്
പാലക്കാട് സംഘർഷത്തിൽ ബിജെപി - യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ 16 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപി ഓഫീസിലേക് മാർച്ച് നടത്തിയതിനാണ് യൂത്ത് നേതാക്കൾക്കെതിരെ കേസ് ഫയൽ ചെയ്തത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജയഘോഷ്, കണ്ടാലറിയുന്ന 19 പേർക്കെതിരെയുമാണ് കേസ്.
പാലക്കാട് നൈപുണ്യവികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്‍റെ പേരിട്ടതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് ബിജെപി- യൂത്ത് കോൺഗ്രസ് സംഘർഷമുണ്ടായത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തിയപ്പോൾ, ബിജെപി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസും മാർച്ച് നടത്തി. ഇതിനിടെ തനിക്കെതിരെയും സന്ദീപ് വാര്യർക്കെതിരെയും കൊലവിളി പ്രസംഗം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ സൗത്ത് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു.
എംഎൽഎ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രാഹുലിനെതിരെ നടത്തിയ ഭീഷണി പ്രസംഗമാണ്, യൂത്ത് കോൺഗ്രസിന്റെ ബിജെപി ഓഫീസ് മാർച്ചിന് കാരണമായത്. കോൺഗ്രസ് വക്താവ് സന്ദീപ് വാര്യരാണ് ഈ മാർച്ച് ഉദ്ഘാടനം ചെയ്തത്. ഇതിനിടെ ജില്ലാ കമ്മറ്റി ഓഫീസിലെത്തിയ ബിജെപി പ്രവർത്തകരാണ് സന്ദീപ് വാര്യർക്കെതിരെയും , രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും കൊലവിളി മുദ്രാവാക്യം ഉയർത്തിയത്. ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഡിസിസി ഓഫീസിന് മുന്നിൽ നിന്ന് ഫോട്ടോയെടുത്ത് കോൺഗ്രസുകാരെ വെല്ലുവിളിച്ചു.
കൊലവിളി നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഹുലും, സന്ദീപ് വാര്യരും സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു. ഒടുവിൽ എസിപി രാഹുലുമായി ചർച്ച നടത്തി. നടപടി ഉറപ്പ് ലഭിച്ചതോടെയാണ് എംഎൽഎ പ്രതിഷേധം അവസാനിപ്പിച്ചത്. ബിജെപിയുമായി ചർച്ച നടത്താമെന്ന പൊലീസ് നിർദേശം തള്ളുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.