ഇസ്രയേല്‍-ഹമാസ് യുദ്ധം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഗാസയില്‍ മാനുഷികമായ ഇടപെടലുകള്‍ നടത്താന്‍ പ്രയാസം നേരിടുന്നുണ്ട്.
ഗാസ സ്ട്രിപ്പില്‍ താമസിക്കുന്ന അര ലക്ഷത്തോളം പലസ്തീനികള്‍ അപകടകരമായ നിലയില്‍ പട്ടിണിയിലേക്കു നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. യു.എന്‍ പിന്തുണയോടെയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഈ മേഖല ക്ഷാമത്തിലേക്ക് കടന്നിരിക്കുന്നു. ഇസ്രയേല്‍-ഹമാസ് യുദ്ധം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഗാസയില്‍ മാനുഷികമായ ഇടപെടലുകള്‍ നടത്താന്‍ പ്രയാസം നേരിടുന്നുണ്ട്.
റിപ്പോര്‍ട്ട് പ്രകാരം വടക്കന്‍ പലസ്തീന്‍ പ്രദേശങ്ങളില്‍ ഇപ്പോള്‍ ക്ഷാമത്തിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇതിന് മുന്‍പ് മാര്‍ച്ചില്‍ നടത്തിയ പഠനത്തില്‍ ഈ പ്രദേശങ്ങള്‍ പ്രശ്നബാധിതമായാണ് വിലയിരുത്തിയിരുന്നത്. മാര്‍ച്ചിലെ പഠന റിപ്പോര്‍ട്ടിന് ശേഷം വടക്കന്‍ പ്രദേശങ്ങളിലേക്ക് സഹായങ്ങള്‍ എത്തിയിരുന്നു.
വെള്ളം, പോഷകാഹാരങ്ങള്‍, ആരോഗ്യ സംവിധാനങ്ങള്‍, പൊതുശുചീകരണ നിലവാരം എന്നിവയ്ക്ക് ഇതിന് ശേഷം പുരോഗതിയുണ്ടായി. എന്നാല്‍ തെക്കന്‍-മധ്യ ഗാസ പ്രദേശങ്ങളില്‍ സ്ഥിതി വഷളായി തുടങ്ങിയിരിക്കുകയാണെന്ന് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഇസ്രയേല്‍ ആക്രമണത്തിന് ശേഷം റഫാ അതിര്‍ത്തിയില്‍ നിന്നും പത്ത് ലക്ഷത്തിലധികം ആളുകള്‍ ഈ ഭാഗങ്ങളിലേക്ക് കുടിയേറിയത് ക്ഷാമത്തിന് കാരണമായിട്ടുണ്ട്.
പഠന റിപ്പോര്‍ട്ട് ഗാസയിലെ അവസ്ഥയെ വ്യക്തമായി ചിത്രീകരിക്കുന്നുവെന്നാണ് യുഎന്‍ പ്രതികരിച്ചത്. മാത്രമല്ല, ഇതിന് കാരണക്കാര്‍ ഇസ്രയേല്‍ സൈന്യമാണെന്നും ഗാസയിലേക്കുള്ള സഹായങ്ങള്‍ തടയുന്നതിവരാണെന്നും യുഎന്‍ കൂട്ടിചേര്‍ത്തു.
തെക്കന്‍ ഇസ്രയേലില്‍ ഒക്ടോബറില്‍ നടന്ന ആക്രമണത്തിന് ശേഷമാണ് ഹമാസിനെ തകര്‍ക്കുകയെന്ന പ്രചാരണം ഇസ്രയേല്‍ സൈന്യം ആരംഭിച്ചത്. ഇപ്പോഴും നടക്കുന്ന യുദ്ധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പലസ്തീന്‍ പൗരരാണ് കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നത്. റിപ്പോര്‍ട്ടിനെപ്പറ്റി ഇസ്രയേല്‍ അധികൃതരുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.