കൗണ്ടികളുടെ രൂപീകരണം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മറ്റിയും സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ചിരുന്നു
അതിർത്തിയിൽ പുതിയ രണ്ട് കൗണ്ടികൾ രൂപീകരിച്ച ചൈനീസ് നടപടിക്കെതിരെ ഇന്ത്യ. കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ സ്ഥലങ്ങളും ഈ കൗണ്ടികളില്‍ ഉള്‍പ്പെടുന്നതായാണ് ഇന്ത്യയുടെ വാദം. ചെെനയുടേത് അനധികൃത കടന്നുകയറ്റമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 27 നാണ് ചൈനീസ് മാധ്യമമായ സിൻഹുവ, ഇന്ത്യ-ചൈന അതിർത്തിയിൽ ചൈന രണ്ട് പുതിയ കൗണ്ടികൾ രൂപീകരിച്ച വാർത്ത പുറത്തുവിട്ടത്. വടക്ക് പടിഞ്ഞാറൻ ചൈനയിലെ ഷിൻജിയാങ് ഉയിഗുർ സ്വയംഭരണ പ്രദേശത്താണ് കൗണ്ടികൾ രൂപീകരിച്ചത്. ഹോട്ടാൻ പ്രവിശ്യയുടെ അധികാരപരിധിയില്‍ വരുന്ന ഹെയാൻ, ഹെക്കാങ് എന്നീ കൗണ്ടികളാണ് രൂപീകരിച്ചത്. കൗണ്ടികളുടെ രൂപീകരണം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മറ്റിയും സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ചിരുന്നു.
എന്നാൽ ചൈനയുടേത് അധിനിവേശമാണെന്ന നിലപാടിലാണ് ഇന്ത്യ. അതിർത്തിയിലെ കൗണ്ടികള്‍ കേന്ദ്ര ഭരണ പ്രദേശത്തിലുൾപ്പെടുന്ന ലഡാക്കിലേക്കുള്ള കയ്യേറ്റമാണെന്ന് ഇന്ത്യ വാദിക്കുന്നു. ചെെനയുടെ നടപടി അനധികൃത അധിനിവേശമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇത്തരം കടന്നുകയറ്റങ്ങളെ ഇന്ത്യ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ ഇന്ത്യ ചൈനയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട് .
"ചൈനയിലെ ഹോട്ടാൻ പ്രവിശ്യയില്‍ രണ്ട് പുതിയ കൗണ്ടികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഞങ്ങൾ കണ്ടു. ഈ കൗണ്ടികൾ എന്ന് വിളിക്കപ്പെടുന്നവയുടെ അധികാരപരിധി ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ വരുന്നു. പ്രദേശത്തെ ചൈനയുടെ അനധികൃതമായ കടന്നുകയറ്റം ഞങ്ങൾ ഒരിക്കലും അംഗീകരിക്കില്ല", ജയ്‌സ്വാൾ പറഞ്ഞു.
ബ്രഹ്മപുത്ര നദിയുടെ ടിബറ്റൻ മേഖലയിൽ അണക്കെട്ട് നിർമിക്കാനുള്ള ചെെനയുടെ പദ്ധതിയിലും വിദേശകാര്യമന്ത്രാലയം അതൃപ്തിയറിയിച്ചിട്ടുണ്ട്. ഇന്ത്യയിലൂടെയും ബംഗ്ലാദേശിലൂടെയും കടന്നുപോകുന്ന നദിയില്‍ ജലവെെദ്യുതി പദ്ധതിക്കുവേണ്ടി അണക്കെട്ട് നിർമിക്കുമ്പോള്‍ ആവശ്യമായ ആശയവിനിമയമുണ്ടായില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.