ആപകടത്തിൽപ്പെട്ട പട്ടിക്കാട് സ്വദേശിയായ നിമ ജോണി ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്
തൃശൂർ പീച്ചി ഡാം റിസർവോയർ അപകടത്തിൽ മരണം മൂന്നായി. തൃശൂർ പട്ടിക്കാട് സ്വദേശി എറിൻ ബിനോജ് ആണ് മരിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണ കാരണം. അപകടത്തിൽപ്പെട്ട എറിന്റെ സുഹൃത്തുക്കളായ ആൻ ഗ്രേസ്, അലീന എന്നിവരും ഇന്നലെ മരിച്ചിരുന്നു. എറിൻ്റെ ആരോഗ്യനിലയിൽ ആശങ്ക തുടരുന്നുവെന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രി ഇന്നലെ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയിരുന്നു.
അപകടത്തിൽപ്പെട്ട പട്ടിക്കാട് സ്വദേശിയായ നിമ ജോണി ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. നിമയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. വെൻ്റിലേറ്ററിൽ കഴിയുന്ന കുട്ടിക്ക് ബോധം തിരിച്ച് കിട്ടിയെന്നും മെഡിക്കൽ ബുള്ളറ്റിന്‍ അറിയിച്ചിരുന്നു. നിമയെ വെൻ്റിലേറ്ററിൽ നിന്നും ഐസിയുവിലേക്ക് മാറ്റിയേക്കുമെന്നും അറിയിച്ചിരുന്നു.
Also Read: നിറത്തിൻ്റെ പേരിൽ അവഹേളനം; മലപ്പുറത്ത് നവവധു ജീവനൊടുക്കി
പീച്ചി ഡാം റിസർവോയറുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്ത് വച്ചായിരുന്നു അപകടം. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിനു സുഹൃത്തിൻ്റെ വീട്ടിൽ വന്നതായിരുന്നു നാല് പെൺകുട്ടികളും. ജലസംഭരണി കാണാനായി അഞ്ചു സുഹൃത്തുകൾ ചേർന്നാണ് പോയത്. പാറപ്പുറത്തിരിക്കെ ഇതിൽ രണ്ട് പെൺകുട്ടികൾ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറ്റ് രണ്ട് പേർ കൂടി വീണു. ഇവർ വീണത് ആഴമുള്ള ഭാഗത്തായിരുന്നു. കുട്ടികളെ എത്രയം പെട്ടെന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അലീന മരിക്കുകയായിരുന്നു. തുടർന്നാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ആൻ ഗ്രേസ്, എറിൻ എന്നിവർ മരിച്ചത്.