പാണക്കാട്ടെ വീട്ടിലെത്തി നടത്തിയ ചർച്ചയോട് ലീഗ് വിരുദ്ധ വിഭാഗം നീതി പുലർത്തിയില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു
മുസ്ലീം ലീഗ്-സമസ്ത സമവായ ശ്രമം ഫലം കണ്ടില്ല. പാണക്കാട്ടെ വീട്ടിലെത്തി നടത്തിയ ചർച്ചയോട് ലീഗ് വിരുദ്ധ വിഭാഗം നീതി പുലർത്തിയില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. വീട്ടിലെത്തി മാപ്പ് പറഞ്ഞവർ വാർത്താ സമ്മേളനത്തിൽ അതു മറച്ചുവെച്ചെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും ആരോപിച്ചു. മാപ്പ് പറഞ്ഞില്ലെന്നും ദൈവത്തോട് മാത്രമേ മാപ്പ് പറയൂവെന്നുമായിരുന്നു സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിന്റെ പ്രതികരണം.
സാദിഖലി തങ്ങൾ കേക്ക് കഴിച്ച് ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തതിനെ ഹമീദ് ഫൈസി അമ്പലക്കടവ് വിമർശിച്ചതാണ് സമസ്ത- ലീഗ് ബന്ധം വീണ്ടും വഷളാക്കിയത്. ആരോപണ പ്രത്യാരോപണങ്ങൾ കടുത്ത സാഹചര്യത്തിലാണ് അനുനയ ശ്രമങ്ങൾ ആരംഭിച്ചത്. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ സാന്നിധ്യത്തിൽ സമസ്തയിലെ ലീഗ് വിരുദ്ധ നിലപാടുള്ള നേതാക്കൾ പാണക്കാടെത്തി മുസ്ലീം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ജിഫ്രി മുത്തുക്കോയ തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച ഒരു മണിക്കൂറിൽ അധികം നീണ്ടു. കൂടിക്കാഴ്ചയ്ക്ക് ശേഷം, ആശയവിനിമയത്തിലെ പിഴവുകൾ തെറ്റിദ്ധാരണകൾക്കിടയാക്കിയിരുന്നുവെന്നും എല്ലാ അഭിപ്രായവ്യത്യാസങ്ങളും ചർച്ചകളിലൂടെ പരിഹരിച്ചുവെന്നുമാണ് ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞിരുന്നത്.
സമസ്ത നേതാക്കൾ സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞു എന്ന വാർത്തകൾ വന്നതോടെയാണ് പ്രശ്നം വീണ്ടും വഷളായത്. ഹമീദ് ഫൈസി അമ്പലക്കടവ്, ഉമർ ഫൈസി മുക്കം, മുസ്തഫ മുണ്ടുപാറ തുടങ്ങിയവർ പാണക്കാടെത്തി മാപ്പു പറഞ്ഞുവെന്ന് സാദിഖലി തങ്ങളും പറഞ്ഞു. മാപ്പുപറഞ്ഞത് വാർത്താസമ്മേളനം നടത്തി മാധ്യമങ്ങളോട് പറയണമെന്നായിരുന്നു ധാരണ. അതുമാത്രം മറച്ചുവെച്ചെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും കുറ്റപ്പെടുത്തി. എന്നാൽ ആരോടും മാപ്പ് പറഞ്ഞിട്ടില്ലെന്നും ദൈവത്തിനോട് മാത്രമേ പറയൂ എന്നുമായിരുന്നു ഉമർ ഫൈസി മുക്കത്തിൻ്റെ നിലപാട്.
അമർഷം സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളെ അറിയിച്ചതായി മുസ്ലീം ലീഗ് നേതാക്കൾ പറഞ്ഞു. സമസ്തക്കും ലീഗിനുമിടയിലെ പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചിട്ടില്ലെന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. ചർച്ചയ്ക്ക് ശേഷവും പരസ്യപ്രതികരണങ്ങളുമായി നേതാക്കൾ രംഗത്തെത്തിയത് പ്രതിസന്ധി തുടരുമെന്നാണ് സൂചിപ്പിക്കുന്നത്.