സ്റ്റേഡിയത്തിന്റെ ചുമതലയുണ്ടായിരുന്ന സൈറ്റ് എഞ്ചിനീയർ എസ്.എസ്. ഉഷയെ സസ്പെൻഡ് ചെയ്ത ഉത്തരവ് ഇറങ്ങിയത് ജനുവരി നാലിനാണ്.
കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ വീണ് പരുക്കേറ്റ സംഭവത്തിൽ ആരോപണ വിധേയയായ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്എസ്. ഉഷ ഇപ്പോഴും ജോലിയില്‍ തുടരുന്നെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധത്തിന് ഒരുങ്ങുമ്പോൾ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള പ്രതികരിക്കാൻ തയ്യാറായില്ല.
സ്റ്റേഡിയത്തിന്‍റെ ചുമതലയുണ്ടായിരുന്ന സൈറ്റ് എഞ്ചിനീയർ എസ്.എസ്. ഉഷയെ സസ്പെൻഡ് ചെയ്ത ഉത്തരവ് ഇറങ്ങിയത് ജനുവരി നാലിനാണ്. എന്നാൽ ഈ മാസം ഒൻപതാം തീയതി വരെ ഉഷ ഒപ്പ് വെച്ച അറ്റന്‍ഡന്‍സ് റജിസ്റ്ററിന്റെ കോപ്പി പുറത്ത് വന്നതോടെ ആണ് പുതിയ വിവാദങ്ങൾ ഉടലെടുത്തത്. അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ജോലിയിൽ തുടർന്നതിൽ പ്രതിഷേധത്തിനു ഒരുങ്ങുകയാണ് കോൺഗ്രസ്സും യൂത്ത് കോൺഗ്രസും.
അതിനിടെ കലൂർ സ്റ്റേഡിയം നൃത്തപരിപാടിക്ക് നല്‍കരുതെന്ന് നിലപാടെടുത്ത ഉദ്യോഗസ്ഥർക്കെതിരെ ജിസിഡിഎ നടപടിയെടുത്തു. മൂന്ന് ഉദ്യോഗസ്ഥർക്കാണ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മൃദംഗവിഷന്‍റെ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ചോർന്നതിന്‍റെ പേരിലാണ് നോട്ടീസ്. ഐഎസ്എൽ മത്സരങ്ങൾ നടക്കുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സിനാണ് സ്റ്റേഡിയത്തിന്റെ ചുമതല. അന്താരാഷ്ട്ര മാനദണ്ഡത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഡിയം കായികേതര പരിപാടിക്ക് വിട്ടു നൽകരുതെന്ന എസ്റ്റേറ്റ് കമ്മിറ്റി ഉത്തരവ് പരിഗണിക്കാതെ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ളയുടെ നിർദേശാനുസരണമാണ് സ്റ്റേഡിയം വിട്ടു നൽകിയത് എന്ന ആരോപണവും ശക്തമാണ്.