ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്നും ഉപഗ്രഹം അടക്കം തയ്യാറായതായും അദ്ദേഹം പറഞ്ഞു
ഐഎസ്ആർഒയുടെ സ്വപ്ന പദ്ധതി സ്പേഡ് എക്സ് ദൗത്യം വൈകുമെന്ന് ചെയർമാൻ വി. നാരായണൻ. ദൗത്യം കരുതലോടെ പൂർത്തിയാക്കാനാണ് ശ്രമം. ദൗത്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തിടുക്കമില്ലെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്നും ഉപഗ്രഹം അടക്കം തയ്യാറായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണം ജനുവരി 8ന് രണ്ടാമതും മാറ്റിവെച്ചിരുന്നു. ഉപഗ്രഹങ്ങളുടെ വേഗം നിയന്ത്രണവിധേയമാക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. ഡോക്കിങ് നടക്കുന്ന ദിവസവും സമയവും പിന്നീട് അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡോക്കിങ് വഴി കൂട്ടിയോജിപ്പിക്കേണ്ട ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ചുകൊണ്ടുവരുന്നതിൻ്റെ വേഗത കൂടിയിരുന്നു. ഇതേ തുടർന്നാണ് ദൗത്യം മാറ്റിവെക്കേണ്ടി വന്നത്. ഡോക്ക് ചെയ്യാൻ ശ്രമിച്ച ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് ദൗത്യം മാറ്റിയതെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.
ALSO READ: ഡോ. വി. നാരായണൻ ഐഎസ്ആർഒ ചെയർമാനായി ചുമതലയേറ്റു
ഐഎസ്ആർഒയുടെ ബെംഗളൂരു പീനിയയിലെ ഇസ്ട്രാക്കിൽ നിന്നാണ് ശാസ്ത്രജ്ഞര്‍ പേടകങ്ങളെ നിയന്ത്രിക്കുന്നത്. പിഎസ്എൽവി സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുന്നതായിരുന്നു ദൗത്യം. ഡിസംബർ 30നാണ് സ്പേഡെക്സ് വിക്ഷേപിച്ചത്.
ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 20 കിലോമീറ്ററോളം ആകും. പിന്നീട് ഘട്ടംഘട്ടമായി അകലം കുറച്ചു കൊണ്ടുവന്ന് രണ്ട് ഉപഗ്രഹങ്ങളും സംയോജിപ്പിക്കുന്നതാണ് ഡോക്കിങ് (Docking). ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിച്ച ശേഷം ഉപഗ്രഹങ്ങളെ വേര്‍പ്പെടുത്തുന്നതാണ് അൺഡോക്കിങ് (UnDocking). ഇതിനു ശേഷം രണ്ട് വര്‍ഷത്തോളം ഇവ വ്യത്യസ്ത ഉപഗ്രഹങ്ങളായി പ്രവര്‍ത്തിക്കും.