സൈന്യത്തിൽ ചേർക്കുമ്പോൾ തന്നെ ഇവരെ റഷ്യൻ പൗരന്മാരാക്കിയത് സർക്കാർ ഇടപെടലുകൾക്ക് തടസമായെന്നും മന്ത്രി വ്യക്തമാക്കി
റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട ബിനിൽ ബാബുവിനെയും ജെയ്ൻ കുര്യനെയും നാട്ടിലെത്തിക്കുന്നതിനായി സർക്കാർ വിദേശകാര്യ മന്ത്രാലയം, റഷ്യൻ എംബസി, എന്നിവയുമായി നിരന്തരമായി ബന്ധപ്പെട്ടിരുന്നതായി മന്ത്രി കെ. രാജൻ. നിരവധി തവണ കത്തുകൾ അയച്ചിരുന്നു. പക്ഷെ ആശ്വാസകരമായ ഒരു വിവരവും ലഭിച്ചില്ലെന്നും മന്ത്രി അറിയിച്ചു. ബിനിലിന്റെ മരണത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം നടത്താനായത് വിദേശകാര്യ വക്താവിൻ്റെ സാമൂഹ്യ മാധ്യമ പോസ്റ്റിലൂടെയാണെന്നും കെ. രാജൻ പറഞ്ഞു.
സ്വകാര്യ തലത്തിലും സർക്കാർ അന്വേഷണങ്ങൾ നടത്തി. സൈന്യത്തിൽ ചേർക്കുമ്പോൾ തന്നെ ഇവരെ റഷ്യൻ പൗരന്മാരാക്കിയത് സർക്കാർ ഇടപെടലുകൾക്ക് തടസമായെന്നും മന്ത്രി വ്യക്തമാക്കി. തുടർന്നുളള കാര്യങ്ങൾ നോക്കുന്നതിനായി നോർക്കയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. നോർക്ക സിഇഒ നേരിട്ടായിരിക്കും ഈ വിഷയം കൈകാര്യം ചെയ്യുക.
റഷ്യയിൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ട ബിനിൽ ബാബുവിന്റെ മൃതദേഹം എത്രയും പെട്ടെന്ന് കേരളത്തിൽ എത്തിക്കുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളാണ് എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. യുദ്ധത്തിൽ പരുക്കേറ്റ ജെയ്ൻ കുര്യനെയും ഇന്ത്യയിൽ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളി യുവാവ് ബിനില്‍ ബാബു കൊല്ലപ്പെട്ടെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശിയാണ് ബിനില്‍. റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട് ജീവന്‍ പൊലിഞ്ഞ രണ്ടാമത്തെ മലയാളിയാണ് ബിനില്‍. തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പുറംലോകമറിയുന്നത്. യുവാക്കളെ നാട്ടിലെത്തിക്കുന്നതിനായി കഴിഞ്ഞ കുറച്ചു മാസങ്ങളായി കുടുംബം ശ്രമം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ ആദ്യവാരമാണ് ബിനിലും ജെയ്‌നും സന്ദീപ് ചന്ദ്രനും മലയാളികളായ മറ്റ് മൂന്ന് പേര്‍ക്കൊപ്പം റഷ്യയിലെത്തിയത്. തൊഴില്‍ത്തട്ടിപ്പിന് ഇരയായി കൂലിപ്പട്ടാളത്തില്‍ ചേരേണ്ടി വന്നു. ജോലിക്ക് കയറി മാസങ്ങള്‍ക്കകം യുക്രെയ്ന്‍-റഷ്യ യുദ്ധ ബാധിത മേഖലയില്‍ വച്ച് സന്ദീപ് കൊല്ലപ്പെട്ടു. സന്ദീപിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഒന്നര മാസത്തിലധികമാണ് ബന്ധുക്കള്‍ക്ക് കാത്തിരിക്കേണ്ടി വന്നത്.