തൂപ്ര അംഗൻവാടിക്ക് സമീപത്തുള്ള ചന്ദ്രൻ പെരുമ്പറമ്പിലിൻ്റെ ആടിനെയാണ് കൊന്നത്
പ്രതീകാത്മക ചിത്രം
കടുവ ഭീതിയൊഴിയാതെ വയനാട് ജില്ലയിലെ അമരക്കുനി. പ്രദേശത്ത് ആക്രമണം നടത്തുന്ന വേട്ടക്കാരൻ കടുവ ഇപ്പോഴും കാണാമറയത്ത് തുടരുകയാണ്. ഇന്നലെ രാത്രി കടുവ വീണ്ടും ആടിനെ ആക്രമിച്ച് കൊന്നു. ഒരാഴ്ചക്കിടെ അഞ്ചാമത്തെ ആടിനെയാണ് ആക്രമിക്കുന്നത്. തൂപ്ര അംഗൻവാടിക്ക് സമീപത്തുള്ള ചന്ദ്രൻ പെരുമ്പറമ്പിലിൻ്റെ ആടിനെയാണ് കൊന്നത്. അതേസമയം കടുവയ്ക്കായി വീണ്ടും കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. തൂപ്രയിലെ ചന്ദ്രൻ്റെ വീടിനോട് ചേർന്നാണ് കടുവയ്ക്കായി കെണി ഒരുക്കുക.
കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനുശേഷം ഇത് നാലാം തവണയാണ് കടുവ ആടിനെ ആക്രമിക്കുന്നത്. കടുവയ്ക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് വനംവകുപ്പ്. കഴിഞ്ഞ ദിവസം രാത്രിയും തെരച്ചിൽ തുടർന്നിരുന്നു.
രണ്ട് തെർമൽ ഡ്രോണുകളുടെ സഹായത്തോടെയാണ് കടുവയുടെ നീക്കം വനംവകുപ്പ് നിരീക്ഷിച്ചുവരുന്നത്. മയക്കുവെടി വെയ്ക്കാനുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ വനം വകുപ്പ് കുങ്കിയാനകളെ ഉപയോഗിച്ച് വീണ്ടും കുങ്കി പെട്രോളിംഗ് നടത്താനും വനംവകുപ്പ് ഉദ്ദേശിക്കുന്നുണ്ട്.
ALSO READ: അമരക്കുനിയിലെ ജനവാസമേഖലയിലിറങ്ങിയ കടുവ കാപ്പിത്തോട്ടത്തിൽ; മയക്കുവെടി ഉടൻ വെച്ചേക്കും
ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ കടുവയുടെ ദൃശ്യങ്ങൾ ഒടുവിൽ പതിഞ്ഞത്. ഇതിനുശേഷം കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ വനംവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇത് വനം വകുപ്പിനെയും, ജനങ്ങളെയും ആശങ്കയിലാക്കിയിരുന്നു.
ആടുകളെ മാത്രം ലക്ഷ്യംവെക്കുന്നതിനാൽ തന്നെ, കടുവയുടെ ആരോഗ്യസ്ഥിതി മോശമായിരിക്കാനാണ് സാധ്യതയെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ പറഞ്ഞിരുന്നു. നിലവിൽ കേരള വനംവകുപ്പിന്റെ ഡേറ്റാബേസിലുള്ള കടുവയല്ല നാട്ടിലിറങ്ങിയിരിക്കുന്നതെന്നും ദേശീയറെക്കോർഡുകളിലും ഈ കടുവയെക്കുറിച്ചുള്ള വിവരങ്ങളൊന്നുമില്ലെന്നും അധികൃതർ പറഞ്ഞു.
നാണ്യവിളകൾ കൂടുതലായി കൃഷി ചെയ്യുന്ന സ്ഥലമാണ് അമരക്കുനി. കാപ്പി കുരുമുളക് വിളവെടുപ്പ് സീസണായതു കൊണ്ട് കർഷകർ ആശങ്കയിലാണ്. കൃഷിയിടത്ത് ഇറങ്ങാനാകാതെ പ്രദേശത്തെ ക്ഷീരകർഷരുടെയും ഉപജീവനം മുടങ്ങിയ സ്ഥിതിയിലാണ്. കടുവ കെണിയിൽ പെട്ടിട്ടില്ലെങ്കിൽ കാത്തിരിക്കാതെ മയക്കു വെടി വെച്ച് പിടികൂടാൻ വനംവകുപ്പ് തയ്യാറാണമെന്ന് ജനകീയ സമിതി ഭാരവാഹി കെ. അജിത് ആവശ്യപ്പെട്ടിരുന്നു.