രണ്ട് പേർക്കെതിരെയും ഹിമാചൽ പ്രദേശ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥർ ചൊവ്വാഴ്ച അറിയിച്ചു
ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻലാൽ ബദോലിയും ഗായകൻ റോക്കി എന്ന ജയ് ഭഗവാനും ചേർന്ന് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതിയുടെ പരാതി. കസൗലിയിലെ ഒരു ഹോട്ടലിൽ വെച്ച് തന്നെ പീഡനത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മോഹൻലാൽ ബദോലിക്കും ഗായകനുമെതിരെ ഹിമാചൽ പ്രദേശ് പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് പേർക്കെതിരെയും ചൊവ്വാഴ്ച പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
2024 ഡിസംബർ 13ന് സോളൻ ജില്ലയിലെ കസൗലിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ പകർപ്പ് ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഡൽഹി ആസ്ഥാനമായി ജോലി ചെയ്യുന്ന യുവതി, 2023 ജൂലൈ 3ന് തൻ്റെ ബോസിനും സുഹൃത്തിനുമൊപ്പം കസൗലിയിലെ ഒരു ഹോട്ടലിൽ താമസിക്കവെയാണ് പ്രതികളെ ഇരുവരേയും പരിചയപ്പെടുന്നത്. തുടർന്ന് യുവതിക്ക് സർക്കാർ ജോലിയും സംഗീത ആൽബത്തിൽ അഭിനയിക്കാൻ അവസരവും വാഗ്ദാനം ചെയ്തു.
ALSO READ: പത്തനംതിട്ട കൂട്ടബലാത്സംഗം: പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
പ്രതികൾ യുവതിയെ റൂമിലേക്ക് ക്ഷണിച്ച ശേഷം നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു. ഇരകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയെന്നും ആരോപണമുണ്ട്. പരാതിപ്പെട്ടാൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും കള്ളക്കേസ് എടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സംഭവത്തെകുറിച്ച് യാതൊന്നും അറിയില്ലെന്നുമാണ് മോഹൻലാൽ ബദോലിയുടെ പ്രതികരണം.