പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഖാസി സ്ഥാനത്തിനു യോഗ്യനല്ലെന്ന രൂക്ഷ വിമർശനമാണ് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം ഉയർത്തിയത്
സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ സമസ്ത- ലീഗ് പ്രശ്നങ്ങൾ വീണ്ടും വഷളാവുകയാണ്. ഉമര്‍ ഫൈസിയുടെ പരാമർശം സ്പര്‍ധയുണ്ടാക്കുന്നതാണെന്നായിരുന്നു മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പക്ഷം. സമസ്ത സെക്രട്ടറിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു വിഭാഗം മുശാവറ അംഗങ്ങൾ ഇറക്കിയ പ്രസ്താവനയിറക്കിയിരുന്നു. ഇത് നിഷേധിച്ച് കൂടുതൽ പേർ രംഗത്ത് വരുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
ഉമർ ഫൈസിയുടെ പ്രസ്താവന സമസ്ത ഗൗരവം കുറച്ചു കാണില്ലെന്നാണ് പ്രതീക്ഷയെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാവരുത്. ജനവികാരം സമസ്ത കണക്കിലെടുക്കും എന്നാണ് പ്രതീക്ഷ. എന്നാൽ സിഐസി വിഷയവുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ പരസ്യമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ലീഗ് നേതാവ് പറഞ്ഞു.
ALSO READ: ലോകത്തെ 5 മികച്ച നഗരങ്ങളിലൊന്നായി തിരുവനന്തപുരം; കോർപ്പറേഷന് യുഎൻ ഹാബിറ്റാറ്റ്-ഷാങ്ഹായ് പുരസ്ക്കാരം
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഖാസി സ്ഥാനത്തിനു യോഗ്യനല്ലെന്ന രൂക്ഷ വിമർശനമാണ് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം ഉയർത്തിയത്. പിന്നാലെ സമസ്ത വൈസ് പ്രസിഡൻറ് യു.എം. അബ്ദുറഹ്മാൻ മുസ്‌ലിയാർ അടക്കം മുശാവറയിലെ 9 പേർ ഉമർ ഫൈസിക്ക് പിന്തുണ നൽകിയെന്ന വാർത്ത സമസ്തമുഖപത്രമായ സുപ്രഭാതത്തിൽ അച്ചടിച്ചു വന്നു. മത നിയമങ്ങൾ വിശ്വാസികളെ ബോധ്യപ്പെടുത്തേണ്ടത് പണ്ഡിത ധർമമാണെന്നായിരുന്നു സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നത്.
എന്നാൽ ഇത് വ്യാജമാണെന്ന വിശദീകരണവുമായി യു.എം. അബ്ദുറഹ്മാൻ മുസ്‌ലിയാർ രംഗത്തെത്തി. ശബ്ദസന്ദേശത്തിലൂടെയായിരുന്നു വെളിപ്പെടുത്തൽ. ഉമർ ഫൈസി എന്തു പ്രസംഗിച്ചു എങ്ങനെ പ്രസംഗിച്ചു എന്നൊന്നും ചോദിച്ചാൽ മറുപടിയില്ലെന്നും പുറത്തുവന്ന ശബ്ദ സന്ദേശത്തിൽ യു.എം. അബ്ദുറഹ്മാൻ വ്യക്തമാക്കി.
ഇത്തരത്തിൽ പ്രസ്താവന നിഷേധിച്ച് കൂടുതൽ പേർ മുന്നോട്ട് വരുമെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. അതിൻ്റെ നിജസ്ഥിതി മാധ്യമങ്ങൾ പരിശോധിക്കണം. ഒറ്റപ്പെട്ട ശബ്ദങ്ങൾ ആരും അംഗീകരിക്കാൻ പോകുന്നില്ല. ലക്ഷക്കണക്കിന് ആളുകളുടെ വികാരമാണ് സമസ്തയുമായി ബന്ധപ്പെട്ട വിഷയമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
ഉമർ ഫൈസിയുടെ വിവാദപ്രസംഗം
സാദിഖ് അലി തങ്ങളെ മഹല്ലുകളുടെ ഖാസിയാക്കിയതിനെതിരെ കഴിഞ്ഞ ദിവസമായിരുന്നു ഉമർ ഫൈസി മുക്കം രൂക്ഷ വിമർശനം ഉന്നയിച്ചത്. വിവരമില്ലാത്ത പലരും ഖാസി സ്ഥാനത്തുണ്ടെന്നും, അതിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു ഉമറിൻ്റെ പ്രസ്താവന. മലപ്പുറം എടവണ്ണപ്പാറയിൽ സമസ്ത മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് മൗലീദ് കോൺഫറൻസിൽ സംസാരിക്കുകവെയായിരുന്നു സമസ്ത സെക്രട്ടറിയുടെ വിമർശനം.
തനിക്ക് ഖാസി ആകണമെന്ന് ചിലർ, രാഷ്ട്രീയത്തിന്റെ പേരിൽ ഖാസി ആക്കാനും ചിലർ, ഇതിന് സമസ്തയിൽ നിന്ന് ചിലർ പിന്തുണയും നൽകുന്നു- ഇങ്ങനെയായിരുന്നു ഉമർ ഫൈസി മുക്കത്തിന്റെ പാണക്കാടിനെതിരായ പരോക്ഷ വിമർശനം. ഖാസിയാകാൻ ഇസ്ലാമിക നിയമങ്ങൾ ഉണ്ട്. എന്നാൽ അത് പാലിക്കാതെ പലരും ഖാസി ആകുന്നുണ്ട്. യോഗ്യത ഇല്ലാത്ത പലരും ഖാസിമാരായിട്ടുണ്ട്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ ജനങ്ങളോട് ചിലത് തുറന്ന് പറയുമെന്നും ഉമർ ഫൈസി പറയുന്നു. ആരെയും പേടിച്ചിട്ടല്ല, മറിച്ച് ജനങ്ങൾക്ക് ഇടയിൽ കുഴപ്പമുണ്ടാക്കേണ്ട എന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നതെന്നായിരുന്നു സമസ്ത സെക്രട്ടറിയുടെ പക്ഷം.
ചിലർ അതിരുവിട്ടു പോകുന്നുണ്ട്, കരുതി ഇരുന്നോളൂ, വേണ്ടിവന്നാൽ ആയുധങ്ങൾ പുറത്തെടുക്കുമെന്നും ഉമര്‍ ഫൈസി പ്രസംഗത്തില്‍ മുന്നറിയിപ്പ് നൽകി. ഖാസി ഫൗണ്ടേഷൻ എന്ന് ഇതിന് മുന്‍പ് കേട്ടിട്ട് ഉണ്ടോയെന്ന് ചോദിച്ച ഉമർ, ഇതുമായി സഹകരിച്ചു പോകുന്നത് രാഷ്ട്രീയപാർട്ടിക്കാർക്ക് നല്ലതാണെന്നും ചൂണ്ടിക്കാട്ടി. പാണക്കാട് തങ്ങൾമാർ നിരവധി മഹല്ലുകളിലെ ഖാസിമാരാണ്. ഇവരുടെ നേതൃത്വത്തിൽ 'ഖാസി ഫൗണ്ടേഷൻ' എന്ന പേരിൽ കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. ഖാസി ഫൗണ്ടേഷന്റെ ഭാഗമായി ചേരുന്ന യോഗങ്ങളും മറ്റും തനിക്കെതിരായ നീക്കമായിട്ടാണ് സമസ്ത കാണുന്നത്.