റഷ്യയിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം
കസാക്കിസ്ഥാനിൽ വിമാനം തകർന്ന് 42 പേർക്ക് ദാരുണാന്ത്യം. കസാക്കിസ്ഥാൻ മിനിസ്ട്രി ഓഫ് എമർജൻസിസീസാണ് ദുരന്ത വാർത്ത സ്ഥിരീകരിച്ചത്. അപകടത്തിൽ പരുക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. റഷ്യയിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം. അസർബൈജാൻ എയർലൈൻസ് ആണ് അപകടത്തില്‍പ്പെട്ടത്. കസാക്കിസ്ഥാനിലെ അക്‌തൗ നഗരത്തിന് സമീപമാണ് എയർലൈൻസ് അപകടത്തില്‍പ്പെട്ടത്. അഞ്ച് ജീവനക്കാരും 62 യാത്രക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. നിലത്തുവീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു.
വിമാനത്തിൽ ഉണ്ടായിരുന്ന 25ഓളം പേരെ എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ വിമാനം തകരുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നാണിത്.
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്ന വിമാനം മൂടൽമഞ്ഞിനെ തുടർന്ന് വഴിതിരിച്ചുവിട്ടിരുന്നു. എമർജൻസി ലാൻഡിങ്ങിന് അഭ്യാർഥിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിന് തൊട്ട് മുൻപ് വിമാനത്താവളത്തിന് മുകളിൽ മൂന്ന് തവണ വട്ടമിട്ടതായും ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
ALSO READ: എന്താണ് ബെല്ലി ലാൻഡിങ്?
അപകടത്തിൽപ്പെട്ടവരെക്കുറിച്ചോ അപകടത്തിൻ്റെ കാരണമോ വ്യക്തമല്ല. നിരവധി പേർ മരിച്ചുവെന്നാണ് വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിമാനത്തിൻ്റെ പിൻഭാഗത്തുള്ള എമർജൻസി എക്സിറ്റിൽ നിന്ന് ചിലരെ രക്ഷപ്പെടുത്തുകയും ഡീബോർഡ് ചെയ്യുകയും ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.