അമേരിക്കൻ പോഡ്കാസ്റ്ററും എഐ റിസർച്ചറുമായ ലെക്‌സ് ഫ്രിഡ്മാനുമായി നടത്തിയ പോഡ്കാസ്റ്റ് പങ്കുവച്ച ട്രംപിന് നന്ദിയറിച്ചാണ് മോദിയുടെ ആദ്യ പോസ്റ്റ്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ അക്കൗണ്ട് തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ പോഡ്കാസ്റ്ററും എഐ റിസർച്ചറുമായ ലെക്‌സ് ഫ്രിഡ്മാനുമായി നടത്തിയ പോഡ്കാസ്റ്റ് പങ്കുവച്ച ട്രംപിന് നന്ദിയറിച്ചാണ് മോദിയുടെ ആദ്യ പോസ്റ്റ്. 'എന്റെ സുഹൃത്ത്, പ്രസിഡന്റ് ട്രംപിന് നന്ദി. എന്റെ ജീവിതയാത്ര, ഇന്ത്യയുടെ നാഗരിക കാഴ്ചപ്പാട്, ആഗോള വിഷയങ്ങള്‍ ഉള്‍പ്പെടെ വിവിധ തലത്തിലുള്ള കാര്യങ്ങള്‍ ഞാന്‍ സംസാരിച്ചു' എന്നാണ് മോദി ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
2022ലാണ് ട്രംപ് സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്നതും, വാസ്തവവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കുന്നതിന് ഫേസ്ബുക്ക്, എക്സ് ഉള്‍പ്പെടെ പ്ലാറ്റ്ഫോമുകളില്‍നിന്ന് ട്രംപിന് നിരന്തരം മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ട്രംപിന്റെ പല പോസ്റ്റുകളിലും റെഡ് ഫ്ളാഗും ചേര്‍ത്തിരുന്നു. ഇതോടെയാണ് ഫേസ്ബുക്കും എക്സും ഉപേക്ഷിച്ച് ട്രംപ് സ്വന്തം പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്. രാഷ്ട്രീയ പ്രതികരണങ്ങളും നയങ്ങളും ഉള്‍പ്പെടെ സുപ്രധാന തീരുമാനങ്ങളെല്ലാം ട്രംപ് ട്രൂത്ത് സോഷ്യല്‍ പങ്കുവയ്ക്കാറുമുണ്ടായിരുന്നു.
മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള ലെക്‌സ് ഫ്രിഡ്മാന്‍-മോദി പോഡ്കാസ്റ്റ് ട്രംപ് കഴിഞ്ഞദിവസം ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ചിരുന്നു. പിന്നാലെയാണ് ട്രംപിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത്, നന്ദിയറിച്ച് മോദിയും ട്രൂത്ത് സോഷ്യലില്‍ എത്തിയത്. പോഡ്കാസ്റ്റില്‍ ട്രംപിനെക്കുറിച്ചും, ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും മോദി സംസാരിച്ചിരുന്നു. ട്രംപ് അമേരിക്കയോട് അചഞ്ചലമായ പ്രതിബദ്ധതയുള്ള ധീരനാണെന്നായിരുന്നു മോദിയുടെ വാക്കുകള്‍. കഴിഞ്ഞ വർഷം ട്രംപിനുനേരെയുണ്ടായ വധശ്രമങ്ങളെക്കുറിച്ച് സംസാരിക്കവെ, അദ്ദേഹത്തിന്റെ പ്രതിരോധശേഷിയെയും ദൃഢനിശ്ചയത്തെയും മോദി പ്രശംസിച്ചു. ട്രംപുമായി ശക്തമായ ബന്ധമാണ് പങ്കിടുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തിരുന്നു.