ഉന്നത നിർദേശത്തെ തുടർന്നാണ് നടപടി പിൻവലിക്കുന്നത് എന്ന് പൊലീസ് അറിയിച്ചു
പാകിസ്ഥാൻ പൗരത്വം ഉള്ളവർ രാജ്യം വിടണമെന്ന് നിർദേശത്തെ തുടർന്ന് നൽകിയ നോട്ടീസ് പിൻവലിച്ച് പൊലീസ്. കൊയിലാണ്ടി സ്വദേശി ഹംസയ്ക്ക് നൽകിയ നോട്ടീസാണ് പിൻവലിച്ചത്. ഉന്നത നിർദേശത്തെ തുടർന്നാണ് നടപടി പിൻവലിക്കുന്നത് എന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് റൂറൽ പൊലീസ് പരിധിയിലുള്ള മൂന്ന് പേർക്ക് നോട്ടീസ് നൽകിയിരുന്നു.
ഇന്ത്യയിൽ താമസിക്കുന്ന പാക് പൗരന്മാർ 27നകം രാജ്യം വിടണമെന്ന സർക്കുലർ കേന്ദ്രസർക്കാർ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോഴിക്കോട് സ്വദേശികൾക്ക് നോട്ടീസയച്ചത്. ഹംസയ്ക്ക് പുറമേ വടകര വൈക്കിലിശ്ശേരിയിൽ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവർക്കും രാജ്യം വിടാൻ നോട്ടീസ് ലഭിച്ചിരുന്നു.
2007 മുതൽ കേരളത്തിലെ സ്ഥിര താമസക്കാരനാണ് പാക് പാസ്പോർട്ടുള്ള കൊയിലാണ്ടി സ്വദേശി ഹംസ. കേരളത്തിൽ ജനിച്ചെങ്കിലും തൊഴിൽ തേടിയാണ് ഹംസ കറാച്ചിയിൽ പോയത്. 2007ൽ കേരളത്തിലേക്ക് മടങ്ങി വന്ന ശേഷം ഹംസ ഇന്ത്യൻ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ചു. എന്നാൽ ഇതുവരെ ഹംസയ്ക്ക് പൗരത്വം ലഭിച്ചിട്ടില്ല. സാഹചര്യം പരിഗണിച്ച് രാജ്യത്ത് തുടരാൻ സർക്കാർ അനുവദിക്കണമെന്ന് ഹംസ അപേക്ഷിച്ചിരുന്നു. താൻ ജനിച്ചുവളർന്നതും പഠിച്ചതും, കുടുംബവുമെല്ലാം ഈ നാട്ടിലെന്നും, കുടംബത്തെ സംക്ഷിക്കാൻ ജോലി തേടിയാണ് പാകിസ്ഥാനിലേക്ക് പോയതെന്നും ഹംസ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു.
1965 ൽ പത്തൊമ്പതാമത്തെ വയസിലാണ് ഹംസ കൽക്കത്ത വഴി കിഴക്കൻ പാകിസ്ഥാനിലേക്ക് ജോലി തേടി പോകുന്നത്. ഏജൻ്റ് മുഖേന ആദ്യം ബംഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിലെത്തിയ ഹംസ പിന്നീട് കറാച്ചിയിലുള്ള സഹോദരൻ്റെ അടുത്തേക്ക് പോയി. കറാച്ചിയിൽ കട നടത്തിയിരുന്ന സഹോദരൻ്റെ കൂടെയായിരുന്നു ഹംസ ജോലി ചെയ്തത്. പിന്നീട് കറാച്ചിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ലഭിക്കുകയും ചെയ്തു.
1971 ലെ ഇന്ത്യ-പാക് യുദ്ധത്തിനുശേഷം നാട്ടിലേക്ക് വരാൻ പാസ്പോർട്ട് ആവശ്യമായി വന്നപ്പോഴാണ് ഹംസ പാക് പൗരത്വം സ്വീകരിച്ചത്. 2007ൽ കച്ചവടം അവസാനിപ്പിച്ച് കേരളത്തിൽ എത്തിയ ഹംസ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയെങ്കിലും അപേക്ഷ ലഭിച്ചു എന്ന മറുപടി മാത്രമാണ് ലഭിച്ചത്.
നല്ലൊരു വരുമാനമുള്ള ജോലി നേടികുടുംബത്തെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യം മാത്രമേ അന്ന് ഹംസക്കുണ്ടായിരുന്നുള്ളൂ. കൊയിലാണ്ടി ഗവൺമെൻ്റ് മാപ്പിള ഹൈസ്കൂളിൽ നിന്നാണ് ഹംസ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പാകിസ്ഥാനിൽ നിന്നും തിരിച്ചെത്തിയ ഹംസ കഴിഞ്ഞ 18 വർഷമായി കുടുംബത്തോടൊപ്പം കൊയിലാണ്ടിയിൽ താമസിക്കുകയാണ്.