വീട്ടിലെ തറയിൽ നിന്ന് രക്തക്കറ തുടച്ചുമാറ്റിയതായും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്
ഇടുക്കി തൊടുപുഴയിലെ ക്വട്ടേഷൻ കൊലപാതകത്തിൻ്റെ പ്രതിപ്പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെടാൻ സാധ്യത. കേസിൽ പ്രതികളുടെ കുടുംബത്തിനും പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. രണ്ടുദിവസം ദിവസം മുമ്പ് അറസ്റ്റിലായ കാപ കേസ് പ്രതി ആഷിഖിനെ ചോദ്യം ചെയ്തപ്പോഴാണ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്. കൊലപാതകത്തിന് ശേഷം ബിജുവിന്റെ മൃതദേഹം ജോമോന്റെ വീട്ടിൽ എത്തിച്ചുവെന്നായിരുന്നു ആഷിഖിൻ്റെ മൊഴി. ദേഹപരിശോധന നടത്തി ബിജു മരിച്ചുവെന്ന് ഉറപ്പാക്കിയതായും പ്രതി പൊലീസിനോട് പറഞ്ഞു.
പരിശോധനയിൽ രക്തകറകളും മുടികളും ജോമോന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. വീട്ടിലെ തറയിൽ നിന്ന് രക്തക്കറ തുടച്ചുമാറ്റിയതായും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. ഇവിടെയാണ് കൊലപാതകത്തിൽ ജോമോന്റെ ഭാര്യയുടെ അടക്കം പങ്കാളിത്തം പൊലീസ് സംശയിക്കുന്നത്. തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാകും പ്രതിപ്പട്ടിക വിപുലീകരിക്കുക.
രണ്ടാം പ്രതി ആഷിഖ് ജോൺസൺ ബിജുവിൻ്റെ വർക്ക് ഷോപ്പിൽ എത്തിയെന്നത് തൊഴിലാളികൾ സ്ഥിരീകരിച്ചു. ആഷിഖിൻ്റെ ഷൂവിൽ നിന്ന് രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. വാനിൽ വെച്ച് ബിജുവിൻ്റെ തലയിൽ കാല് കൊണ്ട് ശക്തമായി ചവിട്ടിയത് ആഷിഖ് ആണ്. കൊലപാതകത്തിന് ശേഷം കാപ്പക്കേസിൽ പിടിയിലായതോടെ മറ്റ് പ്രതികളുമായി ആഷിഖിന് സമ്പർക്കമില്ലാതായതോടെയാണ് കേസിൽ ചില വഴിത്തിരിവുകൾ കൂടി ഉണ്ടായത്.
31 വരെയാണ് ആഷിഖിൻ്റെ കസ്റ്റഡി കാലാവധി. പ്രാഥമിക മൊഴിയിൽ വിശദമായി പ്രതിയെ ചോദ്യം ചെയ്യും. കസ്റ്റഡി കാലാവധിക്ക് ശേഷം വീണ്ടും റിമാൻഡിലായ ജോമോൻ, മുഹമ്മദ് അസ്ലം, ജോമിൻ കുര്യൻ എന്നിവരെ ആവശ്യമെങ്കിൽ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ജോമോന്റെ ഭാര്യയുടെ കടയിലും ബിജുവിന്റെ മൃതദേഹം ബന്ധിക്കാൻ ഉപയോഗിച്ച ഷൂലേസ് വാങ്ങിയ കടയിലും പൊലീസ് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.