കുട്ടികളെ കെട്ടിത്തൂക്കിയ ശേഷം സജീവ് മോഹനും രേഷ്മയും തൂങ്ങിമരിച്ചതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍
ഇടുക്കി ഉപ്പുതറയില്‍ കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നാല് പേരുടേതും തൂങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനന്‍, ഭാര്യ രേഷ്മ, നാലും ആറും വയസുള്ള രണ്ട് മക്കള്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടികളെ കെട്ടിത്തൂക്കിയ ശേഷം സജീവും രേഷ്മയും തൂങ്ങിമരിച്ചതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഷ്മ രണ്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്നും പറയുന്നു. കടബാധ്യതയാണ് കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം എന്നാണ് നിഗമനം.
Also Read: ഉപ്പുതറയിൽ ഒരു കുടുംബത്തിൽ നാല് പേർ ജീവനൊടുക്കിയ നിലയിൽ; കടബാധ്യത മൂലമെന്ന് നിഗമനം
സജീവന്റെ അമ്മയാണ് നാല് പേരേയും മരിച്ച നിലയില്‍ ആദ്യം കണ്ടത്. വൈകിട്ട് നാലരയോടെ അമ്മ സുലോചന വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു. മുട്ടിവിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ അയല്‍വാസിയെ വിളിച്ചുവരുത്തി. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് നാല് പേരേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ഉപ്പുതറയില്‍ ഓട്ടോ ഡ്രൈവറായിരുന്നു സജീവ്. പണമടയ്ക്കാത്തതിനെ തുടര്‍ന്ന് ഒരു മാസം മുന്‍പ് സജീവന്റെ ഓട്ടോറിക്ഷ സിസി ചെയ്തു കൊണ്ടുപോയിരുന്നുവെന്നും വിവരമുണ്ട്. മറ്റ് കടബാധ്യതകളെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 04712552056)