ദിവ്യക്കെതിരായ ആരോപണങ്ങൾ ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ എതിർ പാർട്ടികൾ ആയുധമാക്കുന്ന സാഹചര്യത്തിൽ പാർട്ടി ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്നിരിക്കുകയാണ്
എഡിഎമ്മിന്‍റെ മരണത്തിൽ ആരോപണവിധേയായ പി.പി. ദിവ്യ അറസ്റ്റിന് വഴങ്ങില്ലെന്ന് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷം മാത്രമെ പൊലീസിന് മുന്നിലെത്തൂവെന്ന് ദിവ്യയുമായി ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം ദിവ്യ കീഴടങ്ങിയേക്കുമെന്ന് സൂചന ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റിന് വഴങ്ങില്ലെന്നറിയിച്ച് വാർത്ത പുറത്തുവന്നത്. ആരോപണവിധേയായ പി.പി. ദിവ്യക്ക് മേൽ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രമേയം പാസാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് പ്രമേയം യോഗത്തിൽ പാസാക്കിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് പി.പി. ദിവ്യയെ സിപിഎം ഇടപെട്ട് മാറ്റിയിരുന്നു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്‍റെ തീരുമാനം അംഗീകരിച്ചതിന് പിന്നാലെ, കാണാതായ ദിവ്യയെ കണ്ടെത്താൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല.
ദിവ്യക്കെതിരായ ആരോപണങ്ങൾ ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ എതിർ പാർട്ടികൾ ആയുധമാക്കുന്ന സാഹചര്യത്തിൽ പാർട്ടി ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അടക്കം മുഴുവൻ സെക്രട്ടേറിയറ്റ് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗത്തിൽ വിഷയത്തിലെ നിലപാട് സിപിഎം വ്യക്തമാക്കും. ഇന്ന് യോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ പൊലീസ് നീക്കങ്ങളെ സ്വാധീനിച്ചേക്കുമെന്നാണ് സൂചന.
ALSO READ: എഡിഎമ്മിൻ്റെ മരണം: പി.പി ദിവ്യക്കെതിരെ നടപടി? അടിയന്തര സെക്രട്ടറിയേറ്റ് യോഗം വിളിച്ച് സിപിഎം
കഴിഞ്ഞ മാസം 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേ ദിവസം കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന, എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നാണ് ആരോപണം. ഇതില്‍ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ച വിധി പറയും. യാത്രയയപ്പ് ചടങ്ങിൽ ആത്മഹത്യക്ക് കാരണമാകുന്ന പരാമർശങ്ങൾ തൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ദിവ്യ കോടതിയിൽ വാദിച്ചു. പൊതുപ്രവർത്തക എന്ന നിലയിൽ അഴിമതിക്കെതിരായ നിലപാടിൻ്റെ ഭാഗമായാണ് നവീൻ ബാബുവിനെതിരായ ആരോപണം പരസ്യമായി ഉന്നയിച്ചതെന്നും ദിവ്യയുടെ അഭിഭാഷകൻ വാദിച്ചു. പ്രശാന്തൻ്റെയും ഗംഗാധരൻ്റെയും പരാതികൾ മുന്നിലുണ്ടെന്നും അതിൽ യാഥാർഥ്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടത് പൊലീസും മറ്റ് സംവിധാനങ്ങളുമാണെന്നും അഭിഭാഷകൻ വാദമുന്നയിച്ചിരുന്നു.
നവീൻ ബാബുവിനെതിരെ സംസാരിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത് താൻ തന്നെയാണെന്നും, അഴിമതി കാണിക്കരുതെന്ന സന്ദേശം ഉദ്യോഗസ്ഥർക്ക് നൽകുകയായിരുന്നു ലക്ഷ്യമെന്നും ദിവ്യ കോടതിയെ അറിയിച്ചു. താൻ പറഞ്ഞ കാര്യങ്ങൾ ജനങ്ങളും അറിയണം. രണ്ട് ദിവസത്തിനുള്ളിൽ സത്യാവസ്ഥ പുറത്തുവരുമെന്ന് പറഞ്ഞത് എങ്ങനെ ആത്മഹത്യക്ക് കാരണമാകുമെന്നും ദിവ്യ ചോദിച്ചു. കളക്ടർ വിളിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തിന് പോയതെന്ന വാദവും ദിവ്യ കോടതിയിൽ ആവർത്തിച്ചിരുന്നു.
ദിവ്യയുടെ പ്രസംഗത്തിന് പുറമെ നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം അന്വേഷണ സംഘം വിശദമായി അന്വേഷിക്കും. വിവാദ പെട്രോൾ പമ്പ് വിഷയവും, പ്രശാന്തിൻ്റെ വ്യാജപരാതി സംബന്ധിച്ച കാര്യങ്ങളും സംഘം പരിശോധിക്കും. യാത്രയയപ്പ് യോഗത്തിന് ശേഷം നവീൻ ബാബു എവിടെ പോയി, ആരെ കണ്ടു എന്നീ കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇക്കാര്യങ്ങളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്.