സംസ്ഥാനത്തുണ്ടായ ഭരണപ്രതിസന്ധി മറികടക്കാനാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുന്നത്
അനിശ്ചിതത്വത്തിനൊടുവിൽ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. മുഖ്യമന്ത്രി ബിരേൻ സിങ്ങിൻ്റെ രാജിയെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായ ഭരണപ്രതിസന്ധി മറികടക്കാനാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി ദ്രൗപതി മുർമു പുറത്തിറക്കി. മുഖ്യമന്ത്രി പദത്തിൽ സമവായമാകാത്തതിനെ തുടർന്നാണ് തീരുമാനമെന്നും ഉത്തരവിൽ പറയുന്നു.
ബിരേൻ സിങ്ങിൻ്റെ പിൻഗാമിയെ സംബന്ധിച്ച് സമവായമുണ്ടാക്കാൻ ബിജെപി ശ്രമിച്ചെങ്കിലും ആ ശ്രമങ്ങൾ പരാജയപ്പെട്ടു. ഈ നേതൃത്വ പ്രതിസന്ധിക്കിടയിൽ, മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് വാദിച്ചുകൊണ്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
വംശീയ കലാപം പുകയുന്ന മണിപ്പൂരിൽ ആരാകും മുഖ്യമന്ത്രിയെന്ന ചർച്ച ദിവസങ്ങളായി തുടരുകയായിരുന്നു. രാഷ്ട്രപതി ഭരണം വേണമെന്ന നിലപാടിലാണ് കുക്കി സംഘടനകൾ ആവശ്യപ്പെട്ടത്. കുക്കി മേഖലകളെ ഉൾപ്പെടുത്തി കേന്ദ്രഭരണ പ്രദേശം കൊണ്ടുവരണമെന്നാണ് കുക്കികളുടെ ആവശ്യം. എന്നാൽ രാഷ്ട്രപതി ഭരണം വേണ്ടെന്നായിരുന്നു കേന്ദ്രത്തിൻ്റെ നിലപാട്. ആരാകും മുഖ്യമന്ത്രിയെന്നതിൽ ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനമെടുത്താൽ മതിയെന്നും കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ ദ്രൗപതി മുർമു രാഷ്ട്രപതിഭരണത്തിന് ഉത്തരവിടുകയായിരുന്നു.