ഇടഞ്ഞ ആന തൊട്ടു മുന്‍പിലുള്ള ആനയെ കുത്തി. തുടര്‍ന്ന് രണ്ട് ആനകളും വിരണ്ടോടുകയായിരുന്നു.
കോഴിക്കോട് കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കുറുവങ്ങാട് സ്വദേശികളായ ലീല (85), അമ്മുക്കുട്ടി (85), രാജൻ വടക്കായി എന്നിവരാണ് മരിച്ചത്. മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിലാണ് ആനയിടഞ്ഞത്.
ആന ഇടഞ്ഞതിനെ തുടര്‍ന്ന് ആളുകള്‍ ചിതറിയോടുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണം. സംഭവത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ 13 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏഴ് സ്ത്രീകളെയും, അഞ്ച് പുരുഷന്മാരെയും, ഒരു പെൺകുട്ടിയെയുമാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
ക്ഷേത്രത്തിന് സമീപം ആനകള്‍ എത്തിയപ്പോള്‍ പടക്കം പൊട്ടിച്ചതാണ് ഇടയാനുള്ള കാരണം. ഇടഞ്ഞ ആന തൊട്ടു മുന്‍പിലുള്ള ആനയെ കുത്തി. തുടര്‍ന്ന് രണ്ട് ആനകളും വിരണ്ടോടുകയായിരുന്നു. ഇടഞ്ഞ ആനകളെ തളച്ചിട്ടുണ്ട്. ഗുരുവായൂരിൽ നിന്നെത്തിച്ച ഗോകുൽ, പീതാംബരൻ എന്നീ ആനകളാണ് ഇടഞ്ഞത്. കോഴിക്കോട് റൂറല്‍ എസ് പി സംഭവ സ്ഥലത്ത് എത്തി.