നിർമാതാവ് ജി. സുരേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിനിമാ മേഖല ജൂൺ ഒന്ന് മുതൽ നിശ്ചലമാകുമെന്ന് പ്രഖ്യാപിച്ചത്
സജി ചെറിയാന്‍
സിനിമാ മേഖലയിലെ സമരത്തെപ്പറ്റി അറിഞ്ഞിട്ടില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിഷയത്തില്‍ കത്ത് ലഭിച്ചാൽ ഇടപെടുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ജൂൺ ഒന്ന് മുതലാണ് സിനിമാ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലായിരുന്നു തീരുമാനം. ഷൂട്ടിങ്ങും സിനിമ പ്രദർശനവും ഉൾപ്പെടെ സ്തംഭിപ്പിച്ചായിരിക്കും സമരം. ജിഎസ്ടിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സർക്കാർ പിൻവലിക്കണം, താരങ്ങളുടെ പ്രതിഫലം കുറയ്ക്കണം തുടങ്ങിയവയാണ് നിർമാതാക്കളുടെ ആവശ്യങ്ങൾ.
നിർമാതാവ് ജി. സുരേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിനിമാ മേഖല ജൂൺ ഒന്ന് മുതൽ നിശ്ചലമാകുമെന്ന് പ്രഖ്യാപിച്ചത്. സിനിമ മേഖലയിലെ വിവിധ സംഘടനകളുടെ സംയുക്ത തീരുമാനമാണിതെന്ന് സുരേഷ് കുമാർ പറഞ്ഞെങ്കിലും സമര പ്രഖ്യാപനത്തെ വിമർശിച്ച് നിർമാതാക്കളടക്കം നിരവധി പേർ രംഗത്തെത്തി. ഇതെല്ലാം പറയാൻ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നായിരുന്നു നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗവുമായ ആന്റണി പെരുമ്പാവൂരിന്റെ ചോദ്യം. എംപുരാന്റെ ബജറ്റിനെ കുറിച്ച് സുരേഷ് കുമാർ സംസാരിച്ചതിനെയും ആന്റണി വിമർശിച്ചു.'ആശിർവാദ് സിനിമാസിന്റെ എംപുരാൻ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല' എന്നായിരുന്നു ആന്‍ണി പെരുമ്പാവൂരിന്‍റെ പ്രതികരണം.
Also Read: എല്ലാം ഓക്കെയല്ലേ അണ്ണാ? ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് പൃഥ്വിരാജ്
ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് പൃഥ്വിരാജ്, ടോവിനോ തോമസ്, അജു വർഗീസ് എന്നിങ്ങനെ നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സിനിമാനിർമാണ ചെലവിന്റെ 60 ശതമാനവും താരങ്ങൾക്കുൾപ്പെടെ പ്രതിഫലം നൽകാനാണ് ചെലവിടുന്നതെന്ന വിമർശനവും സുരേഷ് കുമാർ ഉന്നയിച്ചിരുന്നു. താരങ്ങളുടെ പ്രതിഫലം ചിന്തിക്കാൻ പറ്റാത്ത അവസ്ഥയാണ്. മലയാള സിനിമയോട് ഇവർക്ക് യാതൊരു കമിൻ്റ്‌മെൻ്റും ഇല്ലാത്ത സ്ഥിതിയാണ്. ജനുവരിയിൽ മാത്രം 28 ചിത്രങ്ങളാണ് തിയേറ്ററിൽ റിലീസായത്. ഇതിൽ രേഖാചിത്രം മാത്രമാണ് നേട്ടമുണ്ടാക്കിയതെന്നും സുരേഷ് കുമാർ വ്യക്തമാക്കി.