കൊളവല്ലൂർ പി.ആർ. മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് റാഗിങ്ങിനിരയായത്
കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയേഴ്സ് ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി. കൊളവല്ലൂർ പി.ആർ. മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് റാഗിങ്ങിനിരയായത്. അഞ്ച് പേരടങ്ങുന്ന പ്ലസ് ടു വിദ്യാർഥികളാണ് കുട്ടിയെ മർദിച്ചത്. നിലത്തിട്ട് ചവിട്ടിയെന്നും ഇടതു കൈ ചവിട്ടി ഒടിച്ചെന്നും മർദനമേറ്റ വിദ്യാർഥി ന്യൂസ് മലയാളത്തോട് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സ്കൂളിലെ കാൻ്റീനിൽ വെള്ളം കുടിക്കാൻ പോയ തന്നെ നോട്ടം ശരിയില്ലെന്നും വസ്ത്രം ശരിയല്ലെന്നും പറഞ്ഞാണ് മർദിച്ചതെന്ന് മർദനത്തിനിരയായ വിദ്യാർഥി പറഞ്ഞു. പ്ലസ് ടു വിദ്യാർഥികൾ നിലത്തിട്ട് ചവിട്ടി. തുടർന്ന് കൈ പിടിച്ച് തിരിച്ചതോടെയാണ് കയ്യിലെ രണ്ട് എല്ലുകൾ പൊട്ടിയത്. കുട്ടിയെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാത്രി തന്നെ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
സീനിയേഴ്സിനോട് ബഹുമാനക്കുറവുണ്ടെന്ന് പറഞ്ഞ് മുൻപും മർദിച്ചിരുന്നെന്നും കുട്ടി ന്യൂസ് മലയാളത്തോട് പറഞ്ഞു. സ്കൂളിൽ മറ്റു കുട്ടികൾക്ക് നേരെയും റാഗിങ്ങുണ്ടാതായി വിദ്യാർഥി പറയുന്നു. കൊളവല്ലൂർ പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ അധികൃതർ തന്നെയാണ് വിഷയം പൊലീസിൽ അറിയിച്ചത്. മർദിച്ച വിദ്യാർഥികൾ സ്ഥിരം പ്രശ്നക്കാരാണെന്നും മുൻപും ഇവർക്കെതിരെ പരാതികൾ വന്നിരുന്നെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
കോട്ടയം ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കണ്ണൂരിൽ നിന്നുള്ള റാഗിങ് വാർത്ത. കോളേജ് ഹോസ്റ്റലിൽ പരാതിക്കാരനെ കെട്ടിയിട്ട് ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒന്നാം വർഷ വിദ്യാർഥിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി ഉപദ്രവിച്ചത്. കോമ്പസ് ഉപയോഗിച്ച് വിദ്യാർഥിയുടെ ശരീരത്തിൽ കുത്തി, മുറിവിലും കാലിലും വായിലും ലോഷൻ ഒഴിക്കുന്നതും, സ്വകാര്യഭാഗത്ത് പരിക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. രാത്രിയിൽ ഹോസ്റ്റൽ മുറിയിൽ കയ്യും കാലും കെട്ടിയിട്ടാണ് ജൂനിയർ വിദ്യാർഥികളെ സീനിയേഴ്സ് ഉപദ്രവിച്ചത്.
ശരീരമാസകലം കോമ്പസുകൊണ്ടും സൂചികൊണ്ടും കുത്തി പരിക്കേൽപ്പിച്ചും സ്വകാര്യഭാഗങ്ങളിൽ ഡംബൽ കെട്ടിത്തൂക്കിയും റാഗിങ്ങിന് ഇരയാക്കി. ഉപദ്രവത്തെ തുടർന്ന് വേദന സഹിക്കാനാകാതെ വിദ്യാർഥി വാവിട്ട് കരയുന്നതും, അത് കേട്ട് സീനിയർ വിദ്യാർഥികൾ ആക്രമണത്തിൽ ഉന്മത്തരാവുന്നതും ദൃശ്യങ്ങളിലുണ്ട്. വാ തുറന്ന് കരയുന്ന വിദ്യാർഥിയുടെ വായിൽ ലോഷനൊഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നഴ്സിങ് കോളേജിൽ ആറ് വിദ്യാർഥികളാണ് റാഗിങ്ങിന് ഇരയായത്. ഇതിൽ മൂന്ന് വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്.