നിരന്തരം കാട്ടാനയുടെ ശല്യമുള്ള പ്രദേശമാണിത്
വയനാട് അട്ടമലയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഏറാട്ടുകുണ്ട് ഉന്നതിക്കാരെ മാറ്റിപ്പാർപ്പിക്കുന്നതില്‍ തീരുമാനം. ഇവരെ അട്ടമലയിലെ ഒന്നാം നമ്പർ വന ഭൂമിയിൽ താമസിപ്പിക്കാനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കും. മാറ്റിപ്പാർപ്പിക്കലുമായി ബന്ധപ്പെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു.
ഉന്നതിയിലെ ആളുകൾ മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കില്ലെന്നറിയിച്ച സാഹചര്യത്തിലായിരുന്നു തീരുമാനം. അട്ടമല ഒന്നാം നമ്പർ വനഭൂമിയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേരും. ഉന്നതിയിലെ വിദ്യാർഥികളുടെ പഠനമുറപ്പാക്കും. ഉന്നതിയിൽ പരിസര - വ്യക്തിത്വ ശുചിത്വം ഉറപ്പാക്കാൻ പ്രൊമോട്ടർമാർക്ക് കളക്ടർ നിർദേശവും നൽകി.
Also Read: മൂന്നാറിൽ ബൈക്ക് യാത്രക്കാരിയെ എടുത്തെറിഞ്ഞ് പടയപ്പ; തൃശൂർ സ്വദേശിയുടെ ഇടുപ്പെല്ല് പൊട്ടി
വെള്ളരിമല വില്ലേജിലെ അട്ടമല ഭാഗത്ത് എറാട്ടുകുണ്ട് ഉന്നതിയിൽ കറുപ്പന്റെ മകൻ ബാലൻ (26) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഫെബ്രുവരി 11ന് രാത്രിയോടെയായിരുന്നു സംഭവം. പ്ലാന്റേഷനിൽ സാധാരണ പോകുന്ന വഴിയിൽ നിന്ന് മാറി മറ്റൊരു വഴിയിൽ കൂടി പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നിരന്തരം കാട്ടാനയുടെ ശല്യമുള്ള പ്രദേശമാണിത്.
അതേസമയം, വയനാട്ടിലെ വന്യമൃഗ ആക്രമണ പരിഹാരത്തിന് സർക്കാർ അടിയന്തര സഹായം അനുവദിച്ചു. കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് 50 ലക്ഷം രൂപ അനുവദിച്ചത്. വയനാട്ടിൽ വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിനായി സർക്കാർ തുക അനുവദിച്ചത്.
മനുഷ്യ- വന്യജീവി സംഘർഷം ഇല്ലാതാക്കാൻ പത്ത് പദ്ധതികൾക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്. ഫെബ്രുവരി 12ന് വനം വകുപ്പ് ആസ്ഥാനത്ത് അഡീഷണൽ ചീഫ് സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണങ്ങൾ തുടർച്ചയാകുന്ന പശ്ചാത്തലത്തിൽ കാട് പിടിച്ചുകിടക്കുന്ന എസ്റ്റേറ്റ് ഉടമകൾക്ക് അടിയന്തരമായി കാട് നീക്കം ചെയ്യാൻ നോട്ടീസ് നൽകാൻ തീരുമാനിച്ചു. വനത്തിലൂടെ കടന്നു പോകുന്ന റോഡുകൾക്കിരുവശവുമുള്ള അടിക്കാടുകൾ വെട്ടിത്തെളിക്കാനും തീരുമാനമായി.വേനൽകാലത്ത് വനമേഖലയിലൂടെ യാത്ര ചെയ്യുന്നവരും പ്രദേശത്ത് താമസിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവത്കരണം നടത്തും. ജനവാസ മേഖലകളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിന് റിയൽ ടൈം മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തും.