കുട്ടിക്കാലം മുതൽ ഇന്ത്യയിലെ ജനങ്ങൾക്ക് എന്നെ അറിയാം. എൻ്റെ ജീവിതം ജനങ്ങളെ സേവിക്കുന്നതിലായിരുന്നു.
രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിൽ പരിഭ്രാന്തരാകേണ്ട കാര്യമില്ല.
ജനാധിപത്യത്തിൻ്റെ പേരിൽ ഇന്ത്യയിലെ സാധാരണക്കാരായ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രയോജനം ചെയ്യാനുള്ള ചില പുരോഗമനപരമായ കാര്യങ്ങൾ ഞാൻ അവതരിപ്പിക്കാൻ തുടങ്ങിയതു മുതൽ നടന്നുകൊണ്ടിരിക്കുന്ന വ്യാപകമായ ഗൂഢാലോചനയെക്കുറിച്ച് നിങ്ങൾക്ക് ബോധ്യമുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അത് ജനാധിപത്യത്തിൻ്റെ പ്രവർത്തനത്തെ തന്നെ നിഷേധിക്കാൻ ശ്രമിച്ചു. മുറപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഗവൺമെൻ്റുകളെ പ്രവർത്തിക്കാൻ അനുവദിച്ചിട്ടില്ല, ചില സന്ദർഭങ്ങളിൽ നിയമാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട അസംബ്ലികൾ പിരിച്ചുവിടാനും, അംഗങ്ങൾ നിര്‍ബന്ധിതരായി രാജിവയ്ക്കാനുമുള്ള ശക്തി പ്രയോഗിക്കപ്പെട്ടു.
സാധാരണസ്ഥിതിയെ അടിച്ചമര്‍ത്തിക്കൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ അക്രമസംഭവങ്ങളിലേക്ക് നയിക്കപ്പെട്ടു. കാബിനറ്റിലെ എന്റെ സഹപ്രവർത്തകൻ എൽ.എൻ മിശ്രയുടെ ക്രൂരമായ കൊലപാതകത്തിൽ രാജ്യം മുഴുവൻ ഞെട്ടി. ഇന്ത്യൻ ചീഫ് ജസ്റ്റിസിന് നേരെ നടന്ന നികൃഷ്ടമായ ആക്രമണത്തെയും ഞങ്ങൾ അങ്ങേയറ്റം അപലപിക്കുന്നു.
ശിഥിലീകരണ ശക്തികൾ
ചില ശക്തികൾ നമ്മുടെ സായുധ സേനയെ കലാപത്തിന് പ്രേരിപ്പിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ ചെന്നെത്തി. നമ്മുടെ പ്രതിരോധ സേനയും പൊലീസും അച്ചടക്കമുള്ളവരും അഗാധമായ ദേശസ്‌നേഹമുള്ളവരുമാണ്. എങ്കിലും, അവര്‍ ഇത്തരം പ്രേരണകള്‍ സ്വീകരിക്കില്ല എന്നത് പ്രകോപനത്തിൻ്റെ ഗൗരവത്തെ കുറയ്ക്കുന്നില്ല. ശിഥിലീകരണ ശക്തികൾ പരിപൂർണമായി വിളയാടുകയും, വർഗീയ വികാരങ്ങൾ ഉണർത്തിവിടുകയും, നമ്മുടെ ഐക്യത്തിന് ഭീഷണിയാകുകയും ചെയ്യുന്നു.
എല്ലാത്തരം വ്യാജ ആരോപണങ്ങളും എനിക്കുനേരെ എറിഞ്ഞു. കുട്ടിക്കാലം മുതൽ ഇന്ത്യയിലെ ജനങ്ങൾക്ക് എന്നെ അറിയാം. എൻ്റെ ജീവിതം ജനങ്ങളെ സേവിക്കുന്നതിലായിരുന്നു. ഇത് വ്യക്തിപരമായ കാര്യമല്ല. ഞാൻ പ്രധാനമന്ത്രിയായി തുടരുമോ ഇല്ലയോ എന്നത് പ്രധാനമല്ല. എന്നിരുന്നാലും, പ്രധാനമന്ത്രി എന്ന സ്ഥാപനം പ്രധാനമാണ്. അതിനെ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ശ്രമം ജനാധിപത്യത്തിൻ്റെയോ രാജ്യത്തിൻ്റെയോ താൽപ്പര്യമല്ല.
ഞങ്ങൾ ഈ സംഭവവികാസങ്ങള്‍ വളരെക്കാലം ക്ഷമയോടെ വീക്ഷിച്ചു. സാധാരണ പ്രവർത്തനത്തെ തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, രാജ്യത്തുടനീളമുള്ള ക്രമസമാധാനത്തെ വെല്ലുവിളിക്കുന്ന പുതിയ പരിപാടികളെക്കുറിച്ച് ഇപ്പോള്‍ മനസിലാക്കുന്നു. ഏതെങ്കിലുമൊരു മികച്ച സര്‍ക്കാരിന് രാജ്യത്തിന്റെ സുസ്ഥിരതയെ അപകടപ്പെടുത്തുന്നത് അനുവദിക്കാന്‍ കഴിയുമോ?
ചുരുക്കം ചിലരുടെ പ്രവർത്തനങ്ങൾ ബഹുഭൂരിപക്ഷത്തിൻ്റെയും അവകാശങ്ങളെ അപകടത്തിലാക്കുന്നു. രാജ്യത്തിനകത്ത് നിർണായകമായി പ്രവർത്തിക്കാനുള്ള ദേശീയ സര്‍ക്കാരിന്റെ ശേഷിയെ ദുർബലപ്പെടുത്തുന്ന ഏതൊരു സാഹചര്യവും പുറത്തുനിന്നുള്ള അപകടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഐക്യവും സ്ഥിരതയും സംരക്ഷിക്കേണ്ടത് നമ്മുടെ പരമമായ കടമയാണ്. രാജ്യത്തിൻ്റെ അഖണ്ഡത ശക്തമായ നടപടി ആവശ്യപ്പെടുന്നു.
ഉൽപ്പാദനത്തിനും ഭീഷണി
ആഭ്യന്തര സ്ഥിരതയ്ക്കുള്ള ഭീഷണി ഉൽപ്പാദനത്തെയും സാമ്പത്തിക വികസനത്തിൻ്റെ സാധ്യതകളെയും ബാധിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഞങ്ങൾ സ്വീകരിച്ച നിശ്ചയദാർഢ്യമുള്ള നടപടി വിലക്കയറ്റം തടയുന്നതിൽ വിജയിച്ചു. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ദരിദ്രരും ദുർബലരും സ്ഥിരവരുമാനമുള്ളവരും ഉൾപ്പെടെ വിവിധ വിഭാഗങ്ങളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുള്ള തുടർനടപടികൾ ഞങ്ങൾ സജീവമായി പരിഗണിക്കുന്നു. അവ ഞാൻ ഉടൻ പ്രഖ്യാപിക്കും.
അടിയന്തരാവസ്ഥ പ്രഖ്യാപനം നിയമം അനുസരിക്കുന്ന പൗരന്മാരുടെ അവകാശങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിയുന്നതും വേഗം ഈ പ്രഖ്യാപനം ഇളവ് ചെയ്യാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്ന തരത്തില്‍ ആഭ്യന്തര സാഹചര്യങ്ങള്‍ എത്രയും വേഗം മെച്ചപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും, എല്ലാ വിഭാഗം ജനങ്ങളിൽ നിന്നുമുള്ള ശുഭ സന്ദേശങ്ങള്‍ എന്നെ കീഴ്‍പ്പെടുത്തുന്നു. വരും ദിവസങ്ങളിലും നിങ്ങളുടെ സഹകരണത്തിനും വിശ്വാസത്തിനും വേണ്ടി ഞാൻ അഭ്യർഥിക്കുന്നു.
രാഷ്ട്രപതിയുടെ പ്രഖ്യാപനം
ഭരണഘടനയുടെ 352-ാം അനുച്ഛേദത്തിലെ ക്ലോസ് (1) അനുശാസിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, ഇന്ത്യയുടെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ്, ഈ പ്രഖ്യാപനത്തിലൂടെ, ആഭ്യന്തര അസ്വസ്ഥതകൾ മൂലം ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഗുരുതരമായ അടിയന്തരാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് പ്രഖ്യാപിക്കുന്നു.