ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ അഞ്ചിനാകും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക
രണ്ടു ദിവസത്തെ യുഎസ് സന്ദർശനത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തി. ഇന്ന് പുലർച്ചെയോടെ അമേരിക്കയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. തടിച്ചുകൂടിയ ഇന്ത്യക്കാരേയും മോദി കാണാനെത്തി. ഇതിന് ശേഷം യുഎസ് നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡുമായും മോദി കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ അഞ്ചിനാകും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക. അമേരിക്കയിൽ നിന്ന് സൈനിക വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാകും. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചർച്ചയിൽ നിലപാട് വ്യക്തമാക്കും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും.
രഹസ്യാന്വേഷണ ശേഖരണത്തിൽ അമേരിക്കയും ഇന്ത്യയും അടുത്ത സഹകരണം തുടരും. ഒപ്പം ട്രംപിന്റെ നികുതി യുദ്ധത്തിന്റെ പിടിയിൽ നിന്ന് ഇന്ത്യയെ രക്ഷപ്പെടുത്താൻ മോദിക്ക് കഴിയുമോയെന്നും രാജ്യം ഉറ്റുനോക്കുന്നുണ്ട്.
"കുറച്ചു മുൻപ് വാഷിങ്ടൺ ഡിസിയിൽ എത്തി. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ്. ട്രംപും ഇന്ത്യ-യുഎസ്എ സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തെ കുറിച്ച് പലപ്പോഴും ഊന്നിപ്പറയാറുണ്ട്. ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെ പ്രയോജനത്തിനും ലോകത്തിൻ്റെ മികച്ച ഭാവിക്കും വേണ്ടി നമ്മുടെ രാജ്യങ്ങൾ സഹകരിച്ച് പ്രവർത്തിക്കും," നരേന്ദ്ര മോദി എക്സിൽ കുറിച്ചു.