കോഴിക്കോടിൻ്റെ മലയോര മേഖലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ രാസ ലഹരിയുടെ ഉപയോഗവും വിൽപനയും വ്യാപകമാകുന്നു എന്ന വാർത്ത, ദൃശ്യങ്ങൾ സഹിതമാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്. പിന്നാലെയാണ് പൊലീസ് ഇടപെടൽ
കോഴിക്കോടിന്റെ മലയോര മേഖലകളിൽ അതിഥി തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോഗവും വിൽപനയും വർധിക്കുന്നുവെന്ന ന്യൂസ് മലയാളം വാർത്തക്ക് പിന്നാലെ പരിശോധന കർശനമാക്കി എക്സൈസ്. അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന വാടക ക്വാട്ടേഴ്‌സുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് പരിശോധന. ഇന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവും ഹെറോയിനുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിലായി.
കോഴിക്കോടിൻ്റെ മലയോര മേഖലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ രാസ ലഹരിയുടെ ഉപയോഗവും വിൽപനയും വ്യാപകമാകുന്നു എന്ന വാർത്ത, ദൃശ്യങ്ങൾ സഹിതമാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്. വാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ എക്സൈസ് ഇടപെടലുണ്ടായി. വാടക ക്വാട്ടേഴ്‌സിൽ നടത്തിയ പരിശോധനയിൽ ബ്രൗൺ ഷുഗർ ഉൾപ്പെടെ കണ്ടെത്തി. മാരക രാസ ലഹരിവസ്തുക്കൾ കണ്ടെടുത്ത പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾക്കിടയിൽ പരിശോധന കർശനമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് എക്സൈസ്.
ALSO READ: "പൊലീസിൻ്റെ വേട്ടയാടലല്ല, കഞ്ചാവ് ഉപയോഗിച്ചിരുന്നു"; മാധ്യമങ്ങളോട് വേടൻ്റെ ആദ്യ പ്രതികരണം
ഇന്ന് നടത്തിയ വ്യാപക പരിശോധനയിൽ പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് പേർ കഞ്ചാവും ബ്രൗൺ ഷുഗറുമായി പിടിയിലായി. കുന്നമംഗലം വരട്ടിയാക്കിൽ നടത്തിയ പരിശോധനയിൽ പശ്ചിമ ബംഗാൾ സ്വദേശി ഹബീബുള്ള ഷെയ്ഖിൽ നിന്നും 200ഗ്രാം കഞ്ചാവും, 3.50 ഗ്രാം ഹെറോയിനും കണ്ടെടുത്തു. കുറ്റിക്കാട്ടൂരിൽ നടത്തിയ പരിശോധനയിൽ പശ്ചിമ ബംഗാൾ സ്വദേശിനി രേണുക കർമാകറിൽ നിന്നും 1.66 കിലോ ഗ്രാം കഞ്ചാവും കണ്ടെത്തി. ഇരുവർക്കുമെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കഞ്ചാവ്, ബ്രൗൺ ഷുഗർ, ഹെറോയിൻ, എംഡിഎംഎ ഉൾപ്പെടെയുള്ള മാരക ലഹരി വസ്തുക്കൾ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപകമാണെന്ന നിഗമനത്തിലാണ് എക്സൈസ് സംഘം. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് തീരുമാനം.