ചോദ്യം ചെയ്യലിന് ശേഷം ഷൈനിനെ എക്സൈസ് വാഹനത്തിൽ സ്വകാര്യ ലഹരി മുക്ത കേന്ദ്രത്തിലേക്ക് കൊണ്ടു പോയി
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോയുടേയും ശ്രീനാഥ് ഭാസിയുടേയും ചോദ്യം ചെയ്യൽ പൂർത്തിയായി. ഷൈനിനെ എക്സൈസ് വാഹനത്തിൽ സ്വകാര്യ ലഹരി മുക്ത കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്കാണ് ഷൈനിനെ കൊണ്ടുപോയത്.
സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ലഹരിയിൽ നിന്ന് മോചനം നേടണമെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞതായി എക്സൈസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിനിടെയാണ് ഷൈൻ ടോം ചാക്കോ എക്സൈസിനോട് ഇക്കാര്യം പറഞ്ഞത്. പിന്നാലെ വിമുക്തി പദ്ധതിയുടെ ഭാഗമായി ഷൈനിന്നെ ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിക്കാൻ എക്സൈസ് തീരുമാനിച്ചു. എക്സൈസ് മേൽനോട്ടത്തിലായിരിക്കും ഷൈനിൻ്റെ ചികിത്സ.
കൂത്താട്ടുകുളത്ത് ലഹരി ചികിൽസ നടത്തിയതിൻ്റെ രേഖകൾ മാതാപിതാക്കൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. തൊടുപുഴയിലെ സ്വകാര്യ മെഡിക്കൽ സെന്ററിലേക്കാണ് ഷൈനിനെ കൊണ്ടുപോകുന്നത്. എന്നാൽ മൊഴിയെടുത്തതിന് ശേഷം ഷൈൻ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. എന്നാൽ താങ്ക്യൂ മീഡിയ, താങ്ക്സ് എ ലോട്ട് എന്നായിരുന്നു മൊഴി നൽകിയ ശേഷമുള്ള നടൻ ശ്രീനാഥ് ഭാസിയുടെ പ്രതികരണം.
അതേസമയം, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമയുമായുള്ള സാമ്പത്തിക ഇടപാട് റിയൽ മീറ്റിനുള്ള കമ്മീഷനാണെന്ന് മോഡൽ കെ. സൗമ്യ എക്സൈസിനോട് വെളിപ്പെടുത്തി. ലൈംഗിക ഇടപാടിന് ഓൺലൈനിൽ ഉപയോഗിക്കുന്ന കോഡാണ് 'റിയൽ മീറ്റ്'. തസ്ലീമയെ അഞ്ച് വർഷമായി അറിയാമെന്നും ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും സുഹൃത്തുക്കളാണെന്നും സൗമ്യ എക്സൈസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. എന്നാൽ റിയൽ മീറ്റെന്താണെന്ന് അറിയില്ലെന്നാണ് കെ. സൗമ്യ മാധ്യമങ്ങളോട് പറയുന്നത്.
തസ്ലീമയുടെ ലഹരി ഇടപാട് സംബന്ധിച്ച വിവരങ്ങൾ അറിയില്ലെന്നാണ് സൗമ്യ എക്സൈസിന് നൽകിയ മൊഴി. റിയൽ മീറ്റിലൂടെയാണ് തസ്ലീമയെ പരിചയപ്പെടുന്നത്. തമ്മിൽ ലൈംഗിക ഇടപാടുകൾ മാത്രമേ നടന്നിട്ടുള്ളൂ. ലഹരി ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നും സൗമ്യ പറയുന്നു. എന്നാൽ തസ്ലിമയുടെ ലഹരി ഇടപാട് അറിയില്ലെന്ന മൊഴി എക്സൈസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.