സിനിമയ്ക്കായി തങ്ങള്‍ ചിലവഴിച്ച തുക സ്‌ക്രീനില്‍ കാണാനാകുമെന്ന് മോഹന്‍ലാലും കൂട്ടിച്ചേര്‍ത്തു
എമ്പുരാനില്‍ മോഹന്‍ലാലിന്റെ പ്രതിഫലം വെളിപ്പെടുത്തി സംവിധായകന്‍ പൃഥ്വിരാജ്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. 100 കോടി ബജറ്റ് ഉണ്ടായിട്ട് 80 കോടിയും പ്രതിഫലത്തിന് പോയിട്ട്, ബാക്കി 20 കോടിക്ക് സിനിമ നിര്‍മിക്കുന്നത് പോലെയല്ല എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയ്ക്കായി തങ്ങള്‍ ചിലവഴിച്ച തുക സ്‌ക്രീനില്‍ കാണാനാകുമെന്ന് മോഹന്‍ലാലും കൂട്ടിച്ചേര്‍ത്തു.
'എമ്പുരാന്റെ കാസ്റ്റിംഗ് തുടങ്ങിയ സമയത്ത് എനിക്കൊരു വിഷ് ലിസ്റ്റ് ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഇത്തരമൊരു സിനിമയായത് കൊണ്ട് നമ്മള്‍ അതിരുകള്‍ ഇല്ലാതെ ചിന്തിച്ച് പോകും. തുടക്കത്തില്‍ വലിയ കുറച്ച് താരങ്ങളുമായി സഹകരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതില്‍ കുറച്ച് പേരിലേക്ക് ഞാന്‍ എത്തുകയും ചെയ്തു. അമേരിക്ക, ബ്രിട്ടണ്‍, ചൈന എന്നീ സിനിമ മേഖലകളില്‍ നിന്നുള്ള ആളുകളെ ഞാന്‍ സമീപിച്ചു. അവരുമായെല്ലാം സംസാരിച്ചു. അവര്‍ക്കെല്ലാം ഒരു ഇന്ത്യന്‍ സിനിമ ചെയ്യുന്നതില്‍ താല്‍പര്യം ഉണ്ടായിരുന്നു. പിന്നെയാണ് ഏജന്റുമാര്‍ വരുന്നത്. അവര്‍ താരങ്ങള്‍ക്ക് പ്രതിഫലം മാക്‌സിമം കിട്ടാന്‍ വേണ്ടി ശ്രമിക്കും. അതാണല്ലോ അവരുടെ ജോലി. പക്ഷെ ഞങ്ങളുടെ സിനിമയുടെ കാര്യത്തില്‍ അത് നടക്കില്ലായിരുന്നു. ഈ സിനിമയ്ക്ക് പരമാവധി ഇത്ര തുകയെ മുടക്കൂ എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പൈസയുടെ ഭൂരിഭാഗവും സിനിമ നിര്‍മാണത്തില്‍ ചിലവഴിക്കണമെന്നാണ് ഞാന്‍ തീരുമാനിച്ചത്. മോഹന്‍ലാല്‍ സര്‍ ഈ സിനിമയ്ക്ക് വേണ്ടി ഒരു പൈസയും വാങ്ങിയിട്ടില്ല. ഈ സിനിമ യാഥാര്‍ഥ്യമാകാന്‍ കാരണം തന്നെ അതാണ്', പൃഥ്വിരാജ് പറഞ്ഞു.
ALSO READ: 'സ്‌പ്ലെന്‍ഡര്‍ ചതിക്കില്ല ആശാനെ, ഒപ്പം എത്തും'; തരുണ്‍ മൂര്‍ത്തിയോട് രാഹുല്‍ മാങ്കൂട്ടത്തില്‍
'ഞാന്‍ മാത്രമല്ല, പൃഥ്വിയും ഒരു പൈസയും വാങ്ങിയിട്ടില്ല. കാരണം ഞങ്ങള്‍ ചിലവഴിച്ച തുക നിങ്ങള്‍ക്ക് സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. ചില സിനിമകള്‍ക്ക് അത് സ്‌ക്രീനില്‍ കാണാനാവില്ല. ഈ സിനിമയുടെ കാര്യത്തില്‍ അങ്ങനെയല്ല', എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
'100 കോടി ബജറ്റ് ഉണ്ടായിട്ട് 80 കോടിയും പ്രതിഫലത്തിന് പോയിട്ട്, ബാക്കി 20 കോടിക്ക് സിനിമ നിര്‍മ്മിക്കുന്നത് പോലെയല്ല ഞങ്ങള്‍ എമ്പുരാന്‍ ചെയ്തിട്ടുള്ളത്. അതിപ്പോള്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകരെല്ലാം തന്നെ മനസിലാക്കിയിരുന്നു. അതോടൊപ്പം സിനിമയിലെ ഫോറിന്‍ താരങ്ങളും അത് മനസിലാക്കി പെരുമാറി' , എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.