മഹേഷ് ബാബുവിനും പൃഥ്വിരാജിനും പുറമേ, പ്രിയങ്ക ചോപ്രയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്
സമീപകാലത്ത് ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ പ്രോജക്റ്റുകളില്‍ ഒന്നാണ് എസ് എസ് രാജമൗലിയുടെ SSMB29 എന്ന ചിത്രം. മഹേഷ് ബാബു നായകനായി ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെയാണ് ഒഡീഷയില്‍ പൂര്‍ത്തിയായത്. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും നിര്‍ണായക വേഷത്തില്‍ എത്തുന്നു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ പൃഥ്വിരാജ് തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്.
പിങ്ക് വില്ലയുമായുള്ള അഭിമുഖത്തില്‍ പൃഥ്വിരാജിനോട് എസ്എസ് രാജമൗലിയുടെ സെറ്റിലെ അനുഭവത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു. തുടക്കത്തില്‍, അദ്ദേഹം ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് പൃഥ്വിരാജ് പ്രതികരിച്ചു, ' വീഡിയോയും ചില ഫോട്ടോകളും എല്ലാം ചോര്‍ന്നതിനാല്‍, ഞാന്‍ അവിടെ കാഴ്ചകള്‍ കാണാന്‍ പോയി എന്ന് എനിക്ക് പറയാന്‍ കഴിയില്ല. അതിനാല്‍ വളരെ വേഗം നമുക്ക് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ പ്രോജക്റ്റിന്റെ ഭാഗമായിട്ട് ഒരു വര്‍ഷത്തിലേറെയായി. ഞങ്ങള്‍ പതുക്കെ ഷൂട്ടിങ്ങിലേയ്ക്ക് കടക്കുന്നു', എന്നാണ് താരം പറഞ്ഞത്.
ALSO READ: എമ്പുരാനില്‍ മോഹന്‍ലാലിന്റെ പ്രതിഫലം എത്ര? വെളിപ്പെടുത്തി പൃഥ്വിരാജ്
മഹേഷ് ബാബുവിനും പൃഥ്വിരാജിനും പുറമേ, പ്രിയങ്ക ചോപ്രയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. രാജമൗലി തന്റെ മുന്‍ ബ്ലോക്ക്ബസ്റ്ററുകളെപ്പോലെ തന്നെ ഇതിനെയും വമ്പന്‍ ചിത്രമാക്കി മാറ്റാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് സൂചന. മഹേഷ് ബാബു നായകനാകുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഭാഗം 2027 ലും രണ്ടാം ഭാഗം 2029 ലും റിലീസ് ചെയ്യും. ചിത്രത്തിന്റെ താല്‍ക്കാലിക പേരിനെക്കുറിച്ച് കാര്യമായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും നിര്‍മ്മാതാക്കള്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.