ചെകുത്താന്റെ വരവ് മാര്‍ച്ച് 27ന് തന്നെ; ഉറപ്പിച്ച് പൃഥ്വിരാജ്
logo

ന്യൂസ് ഡെസ്ക്

Last Updated : 15 Mar, 2025 04:50 PM

ഒരു കൂറ്റന്‍ കെട്ടിടത്തിന് മുന്നില്‍ അബ്‌റാം ഖുറേഷി നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. 'നിങ്ങളുടെ ഏറ്റവും വലിയ ഉയര്‍ച്ചയുടെ നിമിഷത്തില്‍, സൂക്ഷിക്കുക. അപ്പോഴാണ് ചെകുത്താന്‍ നിങ്ങളെ തേടി വരുന്നത്' എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്

MALAYALAM MOVIE


റിലീസ് തീയതി മാറ്റി വെച്ചുവെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ എമ്പുരാന്റെ പുതിയ പോസ്റ്ററുമായി പൃഥ്വിരാജ്. സമൂഹമാധ്യമത്തിലൂടെയാണ് പൃഥ്വിരാജ് അബ്‌റാം ഖുറേഷിയുടെ വരവ് അറിയിച്ചത്. 'ചെകുത്താന്‍ ഇതുവരെ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം താന്‍ ജീവിച്ചിരിപ്പില്ല എന്ന് ലോകത്തെ വിശ്വസിപ്പിച്ചതാണ്' എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിരാജ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്.

ഒരു കൂറ്റന്‍ കെട്ടിടത്തിന് മുന്നില്‍ അബ്‌റാം ഖുറേഷി നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. 'നിങ്ങളുടെ ഏറ്റവും വലിയ ഉയര്‍ച്ചയുടെ നിമിഷത്തില്‍, സൂക്ഷിക്കുക. അപ്പോഴാണ് ചെകുത്താന്‍ നിങ്ങളെ തേടി വരുന്നത്' എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. എന്നാല്‍ എമ്പുരാനില്‍ നിന്നും തമിഴ് നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് പിന്‍മാറി എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നിരുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും സുഭാസ്‌കരന്റെ ലൈക്കയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയര്‍ ഏറ്റെടുക്കുമെന്നാണ് നിലവില്‍ പുറത്തുവന്നിരിക്കുന്ന വിവരം. ഇതിന് പിന്നാലെയാണ് പൃഥ്വിരാജ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്.  ഇതോടെ ചെകുത്താന്‍ മാര്‍ച്ച് 27ന് തന്നെ എത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് പൃഥ്വിരാജ്. 

അതേസമയം എമ്പുരാന്‍ ലൂസിഫറിന്റെ സീക്വലും പ്രീക്വലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി അബ്രാം ഖുറേഷിയായത് എങ്ങനെയെന്നും അയാളുടെ ജീവിത കാലഘട്ടങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് അഖിലേഷ് മോഹന്‍ ആണ്.

Share This