'ഈ ശവകുടീരത്തില്‍ പ്രവേശിക്കുന്നവര്‍ ആരായാലും അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമാണ്... അവന്റെ അന്ത്യം സുനിശ്ചിതമാണ്. ഒരു പക്ഷിയെ പോലെ ഞാന്‍ അവന്റെ കഴുത്ത് പിടിക്കും. എന്നെ കുറിച്ചുള്ള ഭയം അവനിലേക്ക് എറിയും...'
ഈജിപ്തിലെ പുരാതന ഫറവോമാരുടെ കല്ലറകളില്‍ കൊത്തിവെച്ചിരിക്കുന്ന ശാപവാക്കുകളിലൊന്നിങ്ങനെയാണ്. ഫറവോമാരുടെ ശാപം എന്നൊരു മിത്ത് തന്നെ ഈജിപ്തിലുണ്ട്, അതിനെ ചുറ്റിപ്പറ്റിയുള്ള സിനിമകളും നമുക്കറിയാം.. ഫറവോമാരെ ശല്യപ്പെടുത്തുന്നവര്‍ ആരായാലും അത് കൊള്ളക്കാരകട്ടെ, പുരാവസ്തു ഗവേഷകരാകട്ടെ അവരെ ശാപം വിടാതെ പിന്തുടരുമെന്നാണ് കണ്‍സപ്റ്റ്...
അതെന്തായാലും, പുരാതന ഈജിപ്തിനെ കുറിച്ചും ഈജിപ്തുകാര്‍ അമൂല്യമായി കാത്തുസൂക്ഷിച്ച മമ്മികളും ആധുനിക ലോകത്തിന് എന്നും അത്ഭുതവും കൗതുകവുമാണ്.
ഏകദേശം 3,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന 18ാം രാജവംശത്തിലെ രാജാവായ തുത്മോസ് രണ്ടാമനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. കാലങ്ങളായി മറഞ്ഞുകിടന്ന തുത്മോസ് രണ്ടാമന്റെ ശവകുടീരം ഗവേഷകര്‍ കണ്ടെത്തിയത് ആഴ്ചകള്‍ക്ക് മുമ്പാണ്. ഈജിപ്തില്‍ ഇതിനു മുമ്പൊരു ഫറവോയുടെ കല്ലറ തുറക്കുന്നത് തൂത്തന്‍ഖാമന്റെതാണ്. ആ കല്ലറ തുറന്നിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. അതിനു ശേഷം അത്രയും രാജപ്രൗഢിയുള്ള കല്ലറ കണ്ടെത്തുന്നത് തുത്മോസ് രണ്ടാമന്റെതാണ്.
നിരവധി ഫറവോമാരെയും അവരുടെ കുടുംബാംഗങ്ങളെയും അടക്കം ചെയ്ത, നൈല്‍ നദിക്കടുത്തുള്ള 'മരിച്ചവരുടെ നഗര'മായ രാജാക്കന്മാരുടെ താഴ്വരയ്ക്ക് സമീപമാണ് കല്ലറ കണ്ടെത്തിയത്. തൂത്തന്‍ ഖാമന്‍ ജീവിച്ചിരുന്നതിനും 100 വര്‍ഷത്തിലേറെ മുമ്പ് അതേ 18ാം രാജവംശത്തിലായിരുന്നു തുത്മോസ് രണ്ടാമനും ജീവിച്ചിരുന്നത്. തൂത്തന്‍ഖാമന്റേതു പോലെത്തന്നെ സമ്പന്നമായ ശവകുടീരമായിരുന്നു തുത്മോസ് രണ്ടാമന്റേതും എന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍, അതിലെന്താണിത്ര അതിശയിക്കാന്‍ എന്നാണല്ലേ, കാരണങ്ങള്‍ അനവധിയുണ്ട്.. അതിലേറെ നിഗൂഢതകളും
ആരാണ് തുത്മോസ് രണ്ടാമന്‍?
ഈജിപ്തിലെ ശക്തനായ ഫറവോ ആയിരുന്ന തുത്മോസ് ഒന്നാമന്റെ മകനാണ് തുത്മോസ് രണ്ടാമന്‍. ശക്തയായ ഈജിപ്ഷ്യന്‍ രാജ്ഞി ഹാഷെപ്സുട്ടിന്റെ ഭര്‍ത്താവും അര്‍ധ സഹോദരനും. തുത്മോസ് രണ്ടാമന്റെ മരണശേഷം 20 വര്‍ഷത്തിലേറെ ഫറവോ ആയിരുന്നത് ഹാറ്റ്ഷെപ്സുട്ട് ആണ്. തുത്മോസ് രണ്ടാമന് മറ്റൊരു ഭാര്യയില്‍ ജനിച്ച പുത്രനാണ് തുത്മോസ് മൂന്നാമന്‍ അഥവാ ഗ്രേറ്റ് തുത്മോസ്. ഇനി ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയ തുത്മോസ് രണ്ടാമന്റെ കല്ലറയിലേക്ക് വരാം, അതിനെ ചുറ്റിപ്പറ്റി ഉയരുന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലേക്കും.. .
തുത്മോസ് രണ്ടാമന്റെ അടക്കം ഇന്നും ഒരു ചരിത്ര രഹസ്യമായി തുടരുകയാണ്. അദ്ദേഹത്തിന്റെ പൂര്‍വികരുടെ സംസ്‌കാരം പിരമിഡുകളിലോ പ്രശസ്തമായ കിംഗ്സ് വാലിയിലോ ആയിരിക്കേ തുത്മോസിന്റെ ശവകുടീരം കിംഗ്സ് വാലിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ പടിഞ്ഞാറോട്ട് മാറി ഏകാന്തമായിരുന്നു.
അദ്ദേഹത്തിന്റെ ശവകുടീരം ഒറ്റപ്പെട്ടതു മാത്രമായിരുന്നില്ല, അതിനൊപ്പം വലിയൊരു ദുരന്തവുമുണ്ടായി. അടക്കം കഴിഞ്ഞ ഉടന്‍ വലിയൊരു പ്രളയത്തില്‍ ഈ സ്ഥലം നശിച്ചു. തുടര്‍ന്ന് പുരാതന ഈജിപ്തുകാര്‍ അദ്ദേഹത്തിന്റെ മമ്മിയും അതിനൊപ്പമുണ്ടായിരുന്ന വസ്തുക്കളുമെല്ലാം മറ്റൊരിടത്തേക്ക് മാറ്റിയെന്നാണ് കരുതുന്നത്. എന്നാല്‍ അത് എവിടെയാണെന്നതായിരുന്നു പ്രധാന ചോദ്യം.
മറ്റൊരു ചോദ്യം, തുത്മോസ് രണ്ടാമന്റെ ഭാര്യയും അര്‍ധസഹോദരിയും പിന്നീട് ഫറവോയും ആയ ഹാഷെപ്സുട്ട്... രാജാക്കന്മാരുടെ താഴ്വരയില്‍ സംസ്‌കരിക്കപ്പെട്ട ആദ്യത്തെ പുരാതന ഈജിപ്ഷ്യന്‍ ഭരണാധികാരി തന്റെ ഭര്‍ത്താവിനെ മറ്റൊരിടത്ത് സംസ്‌കരിക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നതാണ്.
AI Generated Image
Also Read: Mummy Juanita| ജുവാനിറ്റയുടെ കഥ അഥവാ സൂര്യന്റെ കന്യക
ഗവേഷകര്‍ക്ക് ആദ്യം കണ്ടെത്തേണ്ടിയിരുന്നത് മറ്റൊന്നായിരുന്നു, തുത്മോസ് രണ്ടാമന്റെ പുതുതായി കണ്ടെത്തിയ ശവകുടീരത്തിനടുത്തുള്ള ഭീമാകാരമായ അവശിഷ്ടക്കൂമ്പാരത്തില്‍ അദ്ദേഹത്തിന്റെ മമ്മി സൂക്ഷിച്ചിരുന്ന മറഞ്ഞിരിക്കുന്ന രണ്ടാമത്തെ ശവകുടീരം ഉണ്ടോ എന്ന്. അങ്ങനെയൊരു ടോംബ് ഉണ്ടെങ്കില്‍ അത് നശിക്കാതെ ലോക ശ്രദ്ധയിലേക്കെത്താന്‍ കാത്ത് മണ്ണിനടിയില്‍ മറഞ്ഞിരിപ്പുണ്ടാകുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.
തുത്മോസിന്റെ മമ്മി 1881ല്‍ കണ്ടെത്തിയെങ്കിലും അദ്ദേഹത്തിന്റെ യഥാര്‍ഥ കല്ലറ ഇത്രയും കാലം അജ്ഞാതമായിരുന്നു. മമ്മിക്കൊപ്പമുണ്ടാകേണ്ട അമൂല്യമായ വസ്തുക്കളും പൂര്‍ണമായും അപ്രത്യക്ഷമായിരുന്നു.
അവ കാലക്രമേണ നഷ്ടപ്പെട്ടോ? അതല്ലെങ്കില്‍, ഏതെങ്കിലും കൊള്ള സംഘത്തിന്റെ കൈകളിലെത്തിയോ? അതുമല്ലെങ്കില്‍ പിന്നീട് നടന്ന അടക്കങ്ങള്‍ക്ക് ഉപയോഗിച്ചോ? ചരിത്രകാരന്മാരും പുരാവസ്തുശാസ്ത്രജ്ഞരും ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, തുത്മോസിന്റെ നഷ്ടപ്പെട്ട ആഭരണങ്ങളും ശവവസ്തുക്കളും വീണ്ടും കണ്ടെത്താനാവുമോ എന്ന് പ്രതീക്ഷിച്ച്.
എന്തുകൊണ്ട് തുത്മോസിനെ രാജാക്കന്മാരുടെ വാലിയില്‍ അടക്കം ചെയ്തില്ല?
2022 ഒക്ടോബറിലാണ് പുരാവസ്തു ഗവേഷകര്‍ തുത്മോസിന്റെ ശവകുടീരം ആദ്യം കണ്ടെത്തിയത്. എന്നാല്‍, സമീപകാല വിശകലനത്തിലൂടെയാണ് അത് 3500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭരിച്ചിരുന്ന തുത്മോസ് രണ്ടാമനുമായി ബന്ധിപ്പിക്കുന്നത്. ശവകുടീരത്തില്‍ നിന്ന് കണ്ടെത്തിയ അലബാസ്റ്റര്‍ ഭരണയില്‍ തുത്മോസ് രണ്ടാമനെ ആ സ്ഥലത്ത് അടക്കം ചെയ്തത് ഹാറ്റ്ഷെപ്സുട്ട് ആണെന്ന് പറയുന്ന ഒരു ലിഖിതമുണ്ട്.
അതില്‍ ഇങ്ങനെ ആലേഖനം ചെയ്തിരുന്നു.. 'ദൈവത്തിന്റെ ഭാര്യയായ മഹാനായ ഹാഷെപ്സുട്ട്, പ്രിയപ്പെട്ട ഒസിരിസിന് (പുരാതന ഈജിപ്ഷ്യന്‍ മതത്തില്‍ ഒസിരിസ് ഫലഭൂയിഷ്ഠത, കൃഷി, മരണാനന്തര ജീവിതം, മരിച്ചവര്‍, പുനരുത്ഥാനം, ജീവിതം, സസ്യജാലങ്ങള്‍ എന്നിവയുടെ ദേവനായിരുന്നു) ശാശ്വത ജീവന്‍ നല്‍കിയ രണ്ട് ദേശങ്ങളുടെ പ്രഭുവായ തുത്മോസിന് തന്റെ സഹോദരനുവേണ്ടി നിര്‍മിച്ചത്'.
ചോദ്യം ഇതായിരുന്നു എന്തുകൊണ്ട് ഹാഷെപ്സുട്ട് തുത്മോസിന്റെ ശവകുടീരം മറ്റാരു ഫറവോയും ഉപയോഗിക്കാത്ത സ്ഥലത്ത് നിര്‍മിക്കുകയും സ്വന്തം ശവകുടീരം രാജാക്കന്മാരുടെ താഴ്വരയില്‍ ഒരുക്കുകയും ചെയ്തു?
ഒരുപക്ഷേ, ഹാഷെപ്സുട്ടിന്റെ മേല്‍നോട്ടത്തില്‍ തുത്മോസ് തന്നെയാകാം ഈ ശവകുടീരം നിര്‍മിച്ചതെന്നും, അതല്ലെങ്കില്‍ ആ കാലത്ത് രാജാക്കന്മാരുടെ താഴ്വര ഈജിപ്ഷ്യന്‍ ഫറവോമാരുടെ സാധാരണ ശവകുടീരമായി സ്വീകരിച്ചിരുന്നില്ല എന്നുമാണ് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ തീയറിയെ സാധൂകരിക്കുന്ന ചില സൂചനകളും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. തുത്മോസ് രണ്ടാമന്റെ ശവകുടീരത്തില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍ മാറി പൂര്‍ത്തിയാകാത്ത മറ്റൊരു ശവകുടീരം കൂടി കണ്ടെത്തിയിട്ടുണ്ട്. ഇത് ഹാഷെപ്സുട്ടിനായി നിര്‍മിച്ചതാകാം എന്നാണ് കരുതുന്നത്. തുത്മോസിന്റെ കാലശേഷം ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഹാഷെപ്സുട്ട് ഫറവോ ആകുന്നത്. അതിനു ശേഷം അവരുടെ മരണത്തോടെ വാലി ഓഫ് കിംഗ്സ് രൂപീകൃതമായിട്ടുണ്ടാകാം.
രാജാക്കന്മാരുടെ താഴ്വരയില്‍ സംസ്‌കരിക്കപ്പെട്ട ആദ്യത്തെ പുരാതന ഈജിപ്ഷ്യന്‍ ഭരണാധികാരിയാണ് ഹാഷെപ്സുട്ട് എന്നതിനാല്‍ തന്നെ തുത്മോസിന്റെ ശവകുടീരം മറ്റൊരിടത്തായതില്‍ നിഗൂഢതകള്‍ ഇല്ലെന്നും ഗവേഷകര്‍ പറയുന്നു.
ഹാഷെപ്സുട്ടിന് അത്ര താത്പര്യമുള്ള ഭര്‍ത്താവായിരുന്നില്ല തുത്മോസ് എന്നാണ് മറ്റൊരു തീയറി, അതിനാലാണ് അദ്ദേഹത്തില്‍ നിന്ന് മാറി മറ്റൊരിടത്ത് അവര്‍ തന്റെ ശവകുടീരം ഒരുക്കിയതെന്നാണ് വാദം.. പക്ഷേ അതിന് തെളിവുകളില്ല, മാത്രമല്ല, തുത്മോസിനു വേണ്ടി ഹാഷെപ്സുട്ട് ആലേഖനം ചെയ്ത വാക്കുകള്‍ ഈ വാദത്തെ ഖണ്ഡിക്കുന്നു... എങ്കിലും നേരത്തേ പറഞ്ഞതു പോലെ, തുത്മോസ് ജീവിച്ചിരിക്കുമ്പോഴാണ് ശവകുടീരം തയ്യാറാക്കിയതെങ്കില്‍ ആ വാക്കുകള്‍ ഹാഷെപ്സുട്ട് സ്വന്തം ഇഷ്ടപ്രകാരം തന്നെയാണോ ചേര്‍ത്തത് എന്നതും ചോദ്യമാണ്.
തുത്മോസിന്റെ രണ്ടാമത്തെ കല്ലറ
AI Generated Image
തുത്മോസിന്റെ ശവകുടീരം കണ്ടെത്തിയതിനു പിന്നാലെ ഉയര്‍ന്ന മറ്റൊരു ചോദ്യമാണ് അദ്ദേഹത്തിന് രണ്ടാമതൊരു ടോംബ് കൂടി ഉണ്ടായിരുന്നോ എന്നത്. ഇപ്പോള്‍ കണ്ടെത്തിയ മുറി വിശാലമാണെങ്കിലും അത് ശൂന്യമായിരുന്നു. ഫറവോമാരുടെ ശവകുടീരത്തില്‍ ഉണ്ടാകേണ്ടതായ യാതൊന്നും അവിടെ നിന്ന് കണ്ടെത്താനായിട്ടില്ല. തുത്മോസിനെ അടക്കം ചെയ്തത് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ഇവിടെ നിന്ന് അദ്ദേഹത്തിന്റെ മമ്മിയും മറ്റ് വസ്തുക്കളും മറ്റൊരിടത്തേക്ക് മാറ്റിയതായാണ് കരുതപ്പെടുന്നത്.
ശവകൂടീരത്തിന് സമീപത്തായുള്ള ഭീമന്‍ മണ്‍കൂനയ്ക്കുള്ളില്‍ അങ്ങനെയൊരു രഹസ്യ ടോംബ് കൂടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ചുണ്ണാമ്പുകല്ലും മണ്ണും കൊണ്ട് നിര്‍മിച്ച 75.5 അടി ഉയരമുള്ള കുന്ന് കുഴിച്ചു ചെന്നാല്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
വലിയ അധ്വാനവും പണവും വേണ്ടി വരുന്ന പര്യവേഷണമാകുമത്. ആ കുന്നിനുള്ളില്‍ തുത്മോസ് രണ്ടാമന്റെ കാണാമറയത്തുള്ള സ്വത്ത് ഉണ്ടാകുമോ? കാത്തിരിക്കാം..