രാം പ്രകാശ് എന്ന കർഷകൻ ബറേലിയിലെ ഖൈമ ഗ്രാമത്തിലെ വയലില്‍ വിളവെടുപ്പ് നടത്തുന്നതിനിടെയാണ് ഉരുളക്കിഴങ്ങുകൾക്കിടയിലെ "ദൈവം" ഇയാളുടെ ശ്രദ്ധയിൽ പെട്ടത്
മണ്ണിലും വിണ്ണിലും തൂണിലൂം തുരുമ്പിലും ദൈവം എന്നൊക്കെ നമ്മള് കൊറേ കേട്ടിട്ട്ണ്ട്. എന്നാൽ ഉരുളക്കിഴങ്ങ് ദൈവമായ കഥ, അത് വല്ലാത്തൊരു കഥ തന്നെ... വിഷ്ണുവിൻ്റെ നാല് അവതാരങ്ങളോട് രൂപ സാദൃശ്യമുള്ള ഈ ഉരുളക്കിഴങ്ങ് കാണാൻ യുപിയിലെ സംഭലിൽ ഇപ്പൊ വൻ ഭക്തജനത്തിരക്കാണ്.
രാം പ്രകാശ് എന്ന കർഷകൻ ബറേലിയിലെ ഖൈമ ഗ്രാമത്തിലെ വയലില്‍ വിളവെടുപ്പ് നടത്തുന്നതിനിടെയാണ് ഉരുളക്കിഴങ്ങുകൾക്കിടയിലെ "ദൈവം" ഇയാളുടെ ശ്രദ്ധയിൽ പെട്ടത്. സാധാരണയിലും അധിക വലിപ്പമുള്ള ഉരുളക്കിഴങ്ങ്. വിഷ്ണുവിന്റെ അവതാരങ്ങളായ കൂർമം, മത്സ്യം, വരാഹം എന്നിവയുടെയും പാമ്പിന്റെയും രൂപം. കണ്ടെത്തിയതാകട്ടെ ഒരു ഏകാദശി ദിനത്തിലും.. ഈ കിഴങ്ങ് വെറുതെ ആലൂ ഗോപി ഉണ്ടാക്കി കളയാനുള്ളതല്ലെന്ന് കർഷകൻ അങ്ങ് തീരുമാനിച്ചു. അതോടെ സർവം ഭക്തിമയം.
ഉരുളക്കിഴങ്ങ് ദൈവത്തെ രാം പ്രകാശ് സംഭലിലെ തുളസി മാനസ് ക്ഷേത്രത്തിൽ എത്തിച്ചു. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശ്രീ രാമൻ്റെ കാൽക്കൽ സമർപ്പിക്കുകയും ചെയ്തു. ഉടൻ തന്നെ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായി ഉരുളക്കിഴങ്ങും മാറി. വിഷ്ണുവിൻ്റെ പത്താമത്തെ അവതാരം കല്‍ക്കി സംഭലില്‍ അവതരിക്കാന്‍ പോകുന്നതിന്റെ അടയാളമാണ് ഇതെന്നാണ് ക്ഷേത്രത്തിലെ പുരോഹിതൻ ഇതേപ്പറ്റി പറയുന്നത്. സംഭലിലെ സ്ഥിതി ഇപ്പൊ ആകെ മാറിയെന്നും പുരോഹിതർ പറയുന്നു.
എന്തായാലും ചീഞ്ഞ് പോകും മുൻപ് ഈ അത്ഭുതക്കിഴങ്ങ് കാണാൻ ഈ ക്ഷേത്രത്തിലേക്ക് എത്തുന്നത് ഭക്തജനങ്ങളുടെ നീണ്ട നിരയാണ്.