ലഹരി മാഫിയയെ അമർച്ച ചെയ്യാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു
കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല. എന്തുകൊണ്ട് ലഹരി മാഫിയുടെ വേര് അറക്കാൻ സർക്കാരിന് കഴിയുന്നില്ല, കഴിഞ്ഞ ഒൻപത് വർഷമായി നടപടികൾ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കളമശേരിയിൽ കെഎസ്‌യു പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെയും പുറത്താക്കണം. ലഹരി മാഫിയയെ അമർച്ച ചെയ്യാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കെപിസിസി സെമിനാറിൽ പങ്കെടുത്തതിന് ജി. സുധാകരനെതിരായ സൈബർ ആക്രമണത്തിലും ചെന്നിത്തല പ്രതികരിച്ചു. ജി. സുധാകരനെ വളഞ്ഞിട്ട് ആക്രമിക്കുന്ന നടപടി സൈബർ സഖാക്കൾ അവസാനിപ്പിക്കണം. ഞങ്ങൾ ക്ഷണിച്ചിട്ടാണ് ജി. സുധാകരൻ കെപിസിസി സെമിനാറിൽ പങ്കെടുത്തത്. സെമിനാറിൽ പങ്കെടുത്തതിൽ തെറ്റില്ല. പാർട്ടി നേതൃത്വം ഇടപെടണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ALSO READ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചതായി പരാതി; വയോധികന് ദാരുണാന്ത്യം
ഇടുക്കി ജില്ലയിലെ ചൊക്രമുടിയിലെ അനധികൃത കയ്യേറ്റത്തിൽ പ്രതികരിച്ച ചെന്നിത്തല വ്യാജ പട്ടയം തിരിച്ചു പിടിച്ചതിൽ സന്തോഷമെന്ന് അറിയിച്ചു. മന്ത്രിയെ അഭിനന്ദിക്കുന്നു. വ്യാപകമായി സർക്കാർ ഭൂമി കയ്യേറ്റം നടക്കുന്നു. സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നുവെന്നും അറിയിച്ചു.
അതേസമയം, കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ മുഖ്യപ്രതി പിടിയിലായി. മൂന്നാം വർഷ വിദ്യാർഥി അനുരാജാണ് പിടിയിലായത്. കൊല്ലം സ്വദേശിയായ അനുരാജ് സംഭവം പുറകത്തറിഞ്ഞതിന് പിന്നാലെ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത് എന്നാണ് കേസിൽ മുമ്പ് പിടിയിലായ ആഷിഖും, ഷാലിക്കും മൊഴി നൽകിയത്.
കഴിഞ്ഞ ദിവസം രാത്രി കളമശേരി ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് രണ്ട് കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലിലെ രണ്ട് മുറികളിൽ നിന്നായാണ് കഞ്ചാവ് പിടികൂടിയത്. ആദിൽ, ആകാശ് എന്നിവരുടെ മുറിയിൽ നിന്ന് 1.97 കിലോഗ്രാം കഞ്ചാവും, അഭിരാജ്, ആദിത്യൻ എന്നിവരുടെ മുറിയിൽ നിന്ന് 9.7 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.