കുടുംബത്തിൻ്റെ ദുഃഖത്തൊടൊപ്പം പങ്കുചേരുന്നെന്നും പ്രിയങ്കാ ഗാന്ധി എക്സിൽ കുറിച്ചു
വയനാട് മാനന്തവാടിയിൽ കടുവാ ആക്രമണത്തെ തുടർന്ന് പഞ്ചാരക്കൊല്ലി സ്വദേശിനി രാധ മരിച്ച സംഭവത്തിൽ അനുശോചിച്ച് പ്രിയങ്കാ ഗാന്ധി എംപി. രാധയുടെ വേർപാടിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും, കുടുംബത്തിൻ്റെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നെന്നും പ്രിയങ്കാ ഗാന്ധി എക്സിൽ കുറിച്ചു. ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തരമായി സുസ്ഥിരമായ പരിഹാരങ്ങൾ ആവശ്യമാണെന്നും എംപി പോസ്റ്റിൽ കുറിച്ചു.
ഇന്ന് ഉച്ചയോടെയാണ് പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിനു സമീപത്ത് വെച്ച് കടുവയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ പഞ്ചാരക്കൊല്ലി സ്വദേശിനി രാധ കൊല്ലപ്പെട്ടിരുന്നു. താത്കാലിക വാച്ചറുടെ ഭാര്യയാണ് രാധ. തോട്ടത്തിൽ കാപ്പി പറിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. തലയറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പ്രദേശവാസികൾ പ്രതികരിച്ചു. രാധയുടെ മൃതദേഹം കടുവ അൽപദൂരം വലിച്ചുകൊണ്ടുപോയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വ്യക്തമാക്കി.
രാധയുടെ മൃതദേഹം കടുവ അൽപദൂരം വലിച്ചു കൊണ്ടുപോയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വ്യക്തമാക്കിയിരുന്നു. കടുവ ആക്രമണത്തെ തുടർന്ന് സംഭവസ്ഥലത്ത് പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു. പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും, കടുവയെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യമുന്നയിക്കുകയും ചെയ്തു. ഇതേതുടർന്ന് കടുവയെ വെടിവെക്കാൻ വനംമന്ത്രി അനുമതി നൽകുകയും ചെയ്തു. കടുവയെ പിടികൂടുകയോ അതിന് കഴിഞ്ഞില്ലെങ്കില്‍ വെടിവെച്ചു കൊല്ലുകയോ ചെയ്യുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. അതേസമയം, കടുവാ ആക്രമണത്തിൽ പ്രതിഷേധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റിയിൽ എസ്‌ഡിപിഐ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു.