കടുവാ ആക്രമണത്തിൽ പ്രതിഷേധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റിയിൽ എസ്‌ഡിപിഐ നാളെ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്
വയനാട് മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാരക്കൊല്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ബിഎൻഎസ്എസ് 163 പ്രകാരം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കടുവാ ആക്രമണത്തിൽ പ്രതിഷേധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റിയിൽ എസ്‌ഡിപിഐ നാളെ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, വയനാട് പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാർ. രാധയുടെ മൃതദേഹം കിട്ടിയ സ്ഥലത്തു തന്നെയാണ് വീണ്ടും കടുവയെ കണ്ടതെന്നും നാട്ടുകാർ പറഞ്ഞു. കാടിനുള്ളിൽ നിന്ന് ശബ്ദം കേട്ടുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. മൃതദേഹം നാളെ സംസ്കാരിക്കും.
ALSO READ: വയനാട്ടിലെ കടുവാ ആക്രമണം: രാധയുടെ മരണത്തിൽ അനുശോചിച്ച് പ്രിയങ്കാ ഗാന്ധി എംപി
ഇന്ന് ഉച്ചയോടെയാണ് കടുവാ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിനു സമീപത്ത് വെച്ചാണ് കടുവയുടെ ആക്രമണമുണ്ടായത്. തോട്ടത്തിൽ കാപ്പി പറിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. തലയറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. പരിശോധന നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് അംഗങ്ങളാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. താത്കാലിക വാച്ചറുടെ ഭാര്യയാണ് രാധ.