എസ്പിയുടെ നേതൃത്വത്തിലാകും ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുക
പ്രതീകാത്മക ചിത്രം
ലഹരി പദാർഥങ്ങളുടെ ഉപഭോഗവും റാഗിങ്ങും തടയുന്നതിനായി സംസ്ഥാനത്തെ കോളേജുകളിൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിക്കും. അധ്യാപകർ, വിദ്യാർഥികൾ, പൊലീസ്, രക്ഷിതാക്കൾ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധി എന്നിവർ ഉൾപ്പെടുന്നതാണ് ഗ്രൂപ്പ്. എസ്പിയുടെ നേതൃത്വത്തിലാകും ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുക.
സംസ്ഥാനത്ത് വിദ്യാർഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും റാഗിങ് കേസുകളും വർധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിദ്യാർഥികൾ കൂട്ടം ചേർന്ന് നടത്തുന്ന ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം വരെയുണ്ടായി. ട്യൂഷൻ സെൻ്ററിലെ ഫെയർവെൽ പാർട്ടിക്കിടെയുണ്ടായ തർക്കമാണ് താമരശേരിയിൽ ഷഹബാസ് എന്ന പത്താം ക്ലാസുകാരന്റെ ജീവനെടുത്തത്. ഓറ്റപ്പാലത്ത് ഐടിഐയിൽ സഹപാഠികളുടെ ആക്രമണത്തിൽ വിദ്യാർഥിയുടെ മൂക്കിന്റെ പാലമാണ് തകർന്നത്. റാഗിങ് കേസുകളും സംസ്ഥാനത്ത് വർധിക്കുകയാണ്.
കോട്ടയം ഗവൺമെൻ്റ് നേഴ്സിങ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഒന്നാം വർഷ വിദ്യാർഥിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി ഉപദ്രവിച്ചത്. കോമ്പസ് ഉപയോഗിച്ച് വിദ്യാർഥിയുടെ ശരീരത്തിൽ കുത്തുകയും മുറിവിലും കാലിലും വായിലും ലോഷൻ ഒഴിക്കുകയും, സ്വകാര്യഭാഗത്ത് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. രാത്രിയിൽ ഹോസ്റ്റൽ മുറിയിൽ കയ്യും കാലും കെട്ടിയിട്ടാണ് ജൂനിയർ വിദ്യാർഥികളെ സീനിയേഴ്‌സ് ഉപദ്രവിച്ചത്. ഇതിനു പിന്നാലെ നിരവധി റാഗിങ് കേസുകൾ ഉയർന്നുവന്നിരുന്നു. ഇതിനെ തുടർന്നാണ് കോളേജുകളിൽ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ആരംഭിക്കുന്നത്.
അതേസമയം, കൊച്ചിയിൽ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് സഹപാഠിയെ ഒരു കൂട്ടം വിദ്യാർഥികള്‍ കൂട്ടം ചേർന്ന് ആക്രമിച്ചു. തെരുവിൽ വച്ച് വിദ്യാർഥിയെ മർദിച്ച ശേഷം ദൃശ്യങ്ങൾ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്തു. 'ഒറ്റുകാർക്ക് ഇതായിരിക്കും ശിക്ഷ' എന്ന താക്കീതോടെയാണ് ഗ്രൂപ്പുകളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.