സ്റ്റേഡിയം വിട്ടു നല്‍കുന്നതില്‍ ഗൂഢാലോചനയും തട്ടിപ്പും നടന്നിട്ടുണ്ട്. എസ്റ്റേറ്റ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് സ്റ്റേഡിയം അനുവദിച്ചതെന്നും പരാതിയിൽ പറയുന്നു
കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ മൃദംഗനാദം നൃത്ത പരിപാടിയില്‍ ജിസിഡിഎക്കെതിരെ വിജിലന്‍സില്‍ പരാതി. കായിക ഇതര ആവശ്യത്തിന് സ്റ്റേഡിയം വിട്ടു നല്‍കിയത് വഴിവിട്ട നീക്കത്തിലൂടെയാണ് എന്നാണ് പരാതി. കൊച്ചി സ്വദേശിയാണ് പരാതി നല്‍കിയത്.
സ്റ്റേഡിയം വിട്ടു നല്‍കുന്നതില്‍ ഗൂഢാലോചനയും തട്ടിപ്പും നടന്നിട്ടുണ്ട്. എസ്റ്റേറ്റ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് സ്റ്റേഡിയം അനുവദിച്ചത്. ചെയര്‍മാന്റെ പ്രത്യേക ആവശ്യപ്രകാരമാണ് ഇതെന്നും പരാതിക്കാരന്‍ പറയുന്നു.
എസ്റ്റേറ്റ് വിഭാഗം സ്റ്റേഡിയം വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര മാനദണ്ഡത്തില്‍ സംരക്ഷിക്കുന്ന സ്റ്റേഡിയം നല്‍കരുതെന്ന് ഉദ്യോഗസ്ഥര്‍ നോട്ട് എഴുതിയിരുന്നു. ഇത് മറികടന്നാണ് സ്റ്റേഡിയം നല്‍കാന്‍ ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ളയുടെ ഉത്തരവ്.
ജിസിഡിഎയുടെ നടപടിക്രമങ്ങളുടെ നോട്ട് സെപ്റ്റംബര്‍ 24 നാണ് വന്നത്. ഒറ്റ ദിവസം കൊണ്ടാണ് സ്‌റ്റേഡിയം അനുവദിച്ചത്. സ്റ്റേഡിയം നല്‍കരുതെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത് പിന്നാലെ ഒറ്റ ദിവസം കൊണ്ട് തീരുമാനങ്ങള്‍ എടുക്കുകയായിരുന്നു. നിര്‍ദേശത്തിന് പിന്നാലെ സംഘാടകര്‍ 15 ലക്ഷം രൂപ ധനലക്ഷ്മി ബാങ്കില്‍ അടച്ചു. പൊലീസ്, ഫയര്‍ഫോഴ്‌സ്, കോര്‍പ്പറേഷന്‍ ക്ലിയറന്‍സ് നേടാതെയാണ് അനുമതി നല്‍കിയത്.
അതേസമയം, നൃത്തപരിപാടിക്കിടെ വീണ് പരുക്കേറ്റ ഉമ തോമസ് എംഎല്‍എ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്ന കാര്യം ആലോചിക്കൂവെന്നുമാണ് ഡോക്ടര്‍മാരുടെ നിലപാട്.
അപകടം പറ്റിയ സംഭവത്തില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. താത്കാലിക നിര്‍മാണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ ലംഘിച്ചുവെന്നും താത്കാലിക സ്റ്റേജ് നിര്‍മിച്ചത് അശാസ്ത്രീയമായാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്റ്റേജില്‍ നിന്ന് താഴേക്ക് വീണാല്‍ മരണം സംഭവിക്കാമെന്ന് അറിവുണ്ടായിട്ടും പ്രതികള്‍ അത് അവഗണിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ മൃദംഗ വിഷന്‍ എംഡി എം. നിഗോഷ് കുമാറിന് കോടതി ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴാം തീയതി വരെയാണ് ജാമ്യം. കേസില്‍ മറ്റ് പ്രതികളായ ഷമീര്‍ അബ്ദുല്‍ റഹീം, ബെന്നി, കൃഷ്ണകുമാര്‍ എന്നിവരുടെ ഇടക്കാല ജാമ്യം നീട്ടി നല്‍കി.