വിചാരണ വൈകിപ്പിക്കുന്നെന്നും ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടെന്നും കാട്ടിയാണ് പ്രതി സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ. സാക്ഷി വിസ്താരത്തിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. വിചാരണ വൈകിപ്പിക്കുന്നെന്നും ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടെന്നും കാട്ടിയാണ് പ്രതി സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
പൾസർ സുനി പല തവണയായി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപേക്ഷ നൽകിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ഇതോടെ കേസിൻ്റെ വിചാരണ അനന്തമായി നീളുകയാണെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ ദീര്‍ഘമായി വിസ്തരിക്കുന്നെന്ന ആരോപണവും അഭിഭാഷകൻ ഉന്നയിച്ചു. ഇത് കേസ് നീട്ടികൊണ്ടുപോകാനായാണെന്നായിരുന്നു അഭിഭാഷകൻ്റെ വാദം.
അടുത്ത മാസം 17ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അന്നേ ദിവസം സംസ്ഥാന സർക്കാർ സാക്ഷി വിസ്താരത്തിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്നും കോടതി അറിയിച്ചു. കേസിൻ്റെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണെമെന്ന് സംസ്ഥാന സർക്കാരിന് കോടതി പല തവണ നിർദേശം നൽകിയതാണ്. എന്നാൽ ഇതുവരെ വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണ കോടതിക്ക് കഴിഞ്ഞിട്ടില്ല.
ALSO READ: പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്
മൂന്നാം തവണയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത്. നേരത്തേ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. വിചാരണയുടെ അന്തിമഘട്ടമായതിനാല്‍ ജാമ്യം നല്‍കരുതെന്നായിരുന്നു സര്‍ക്കാര്‍ വാദം. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന് ആന്റണിക്ക് സുപ്രീംകോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. അഭിഭാഷകരായ ശ്രീറാം പാറക്കോട്ട്, എംഎസ് വിഷ്ണു ശങ്കര്‍ ചിതറ എന്നിവരാണ് സുനിക്ക് വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ടത്. കേസില്‍ പ്രതിയായ ദിലീപിന് അടക്കം നേരത്തെ ജാമ്യം ലഭിച്ചിരുന്നു. തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കിയതിന് ഹൈക്കോടതി പള്‍സര്‍ സുനിക്ക് പിഴ 25000 രൂപ പിഴ ചുമത്തിയിരുന്നു. ഒരു ഹര്‍ജി തള്ളി മൂന്ന് ദിവസത്തിനുള്ളില്‍ വീണ്ടും ജാമ്യ ഹര്‍ജി നല്‍കിയതിനു പിന്നാലെയായിരുന്നു പിഴ ചുമത്തിയത്.