മെഡിക്കൽ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ചാണ് പരീക്ഷാ മാഫിയയുടെ കണ്ണിയിൽ അംഗമായത്
ഈ വർഷത്തെ നീറ്റ് ചോദ്യപേപ്പർ ചോർത്തിയ മുഖ്യ സൂത്രധാരൻ രവി അത്രി മുൻപും സമാന കേസുകളിൽ പ്രതിയായിരുന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന യുപി പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിന് പിന്നിലും അത്രിയും സംഘവുമാണ്. രവി അത്രിയുൾപ്പെടെ 18 പ്രതികൾക്കെതിരെ യുപി പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
2015-ലെ ഡെൻ്റൽ പരീക്ഷാ ചോദ്യ പേപ്പർ ചോർന്ന കേസിലും പ്രതി അത്രിയായിരുന്നു. 2012ൽ മെഡിക്കൽ പ്രവേശന പരീക്ഷാ പേപ്പറുകൾ ചോർത്തിയെന്നാരോപിച്ച് ഡൽഹി ക്രൈംബ്രാഞ്ചും അറസ്റ്റ് ചെയ്തിരുന്നു. ഗ്രേറ്റർ നോയിഡയിലെ നീംക സ്വദേശിയായ അത്രി ഈ രംഗത്ത് കുപ്രസിദ്ധനാണ്. മെഡിക്കൽ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ചാണ് പരീക്ഷാ മാഫിയയുടെ കണ്ണിയിൽ അംഗമായത്.
തുടർന്ന് ചോദ്യപേപ്പറുകൾ ചോർത്തി വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും നൽകുന്നവർക്കൊപ്പം സജീവമായി.ചോദ്യപേപ്പർ ചോർച്ചയുടെ കേന്ദ്രം സോൾവർ ഗ്യാങ് എന്നറിയപ്പെടുന്ന ഒരു നെറ്റ്‌വർക്ക് സംഘമാണെന്നു നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മാതൃകാ ചോദ്യപേപ്പറും ഉത്തരങ്ങളുമെത്തിച്ച് വിശ്വാസ്യത നേടി എടുത്ത ശേഷം വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികളും കോച്ചിങ് സെന്ററുകളും വഴിയാണ് സംഘം വിദ്യാര്‍ഥികളെ ബന്ധപ്പെടുന്നത്. ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറാൻ ലക്ഷങ്ങളാണ് സംഘം ഈടാക്കുന്നത്.