ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് സമരത്തിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം മുൻസിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 1500 രൂപ കെട്ടിവെയ്ക്കണം, 50,000 രൂപ ബോണ്ട്, സെക്രട്ടറിയേറ്റ് പരിസരത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. പൊലീസ് ലാത്തിച്ചാർജില്‍ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് അബിൻ വർക്കിക്ക് ഉൾപ്പെടെ പരുക്കേറ്റിരുന്നു. ജില്ലാ പ്രസിഡൻ്റ് നേമം ഷജീറിൻ്റെ കണ്ണിനും പരുക്കേറ്റിരുന്നു. 11 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും കേസെടുത്തിരുന്നു. ഒന്നര മണിക്കൂർ നീണ്ട സംഘർഷത്തിൽ പ്രവർത്തകരെ പിന്തിരിപ്പിക്കാനായി ഏഴ് തവണയാണ് പൊലീസ് ജലപീരങ്കി ഉപയോഗിച്ചത്.
സെക്രട്ടറിയേറ്റ് മാർച്ചിനെത്തുടർന്ന് കണ്ടോൺമെൻ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ രാഹുലും സഹപ്രവർത്തകരും റിമാൻഡിലായിരുന്നു. ലഹള ഉണ്ടാക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
READ MORE: "മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപജാപക സംഘം"; ആരോപണങ്ങളില്‍ ഉറച്ച് വി.ഡി. സതീശന്‍