ഏഴു ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൂന്നു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും, ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. കർണാടക തീരം മുതൽ കേരള തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും, തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായതുമാണ് നിലവിൽ മഴ കനക്കാൻ കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കൻ കേരളത്തിലും അതിശക്ത മഴ ലഭിക്കും. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം വിദർഭ, ഛത്തീസ്ഗഡ്, ഒഡീഷ, ബീഹാറിൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും മൺസൂൺ ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സബ് ഹിമാലയൻ പശ്ചിമ ബംഗാൾ, സിക്കിം, അസം, മേഘാലയ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ അടുത്ത അഞ്ച് ദിവസങ്ങളിലും, ജൂൺ 22, 23 തീയതികളിൽ നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലും ഒറ്റപ്പെട്ട അതിശക്ത മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.