fbwpx
ലക്ഷ്യം ലീഡ്: വിദര്‍ഭയ്ക്കെതിരെ കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം, അര്‍ധ സെഞ്ചുറിയുമായി സര്‍വാതെ
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Feb, 2025 06:01 PM

വിദര്‍ഭയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനോട് 248 റണ്‍സ് പിറകിലാണ് കേരളം

CRICKET



രഞ്ജി ട്രോഫി ഫൈനല്‍ മത്സരത്തില്‍ വിദര്‍ഭയ്ക്കെതിരെ ലീഡ് ലക്ഷ്യമിട്ടിറങ്ങിയ കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം. വിദര്‍ഭയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 379 റണ്‍സ് പിന്തുടരുന്ന കേരളം രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് എന്ന നിലയിലാണ്. അഹമ്മദ് ഇമ്രാനും അര്‍ധ സെഞ്ചുറിയുമായി തുടരുന്ന ആദിത്യ സര്‍വാതെയുമാണ് കേരളാ ഇന്നിങ്സിന് കരുത്തായത്. വിദര്‍ഭയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനോട് 248 റണ്‍സ് പിറകിലാണ് കേരളം.

വിദര്‍ഭയ്ക്കെതിരെ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ രോഹന്‍ കുന്നുമ്മല്‍ കൂടാരം കയറി. മൂന്ന് പന്ത് നേരിട്ട രോഹനെ സ്കോര്‍ ബോര്‍ഡ് തുറക്കുംമുന്‍പേ, ദര്‍ശന്‍ നല്‍ക്കാണ്ടെയാണ് പറഞ്ഞുവിട്ടത്. മൂന്നാം ഓവറില്‍ അക്ഷയ് ചന്ദ്രനും വീണു. ദര്‍ശന്‍ തന്നെയാണ് 14 പന്തില്‍ 11 റണ്‍സെടുത്തുനിന്ന അക്ഷയ്‌യിനെയും മടക്കിയത്. ബാറ്റിങ്ങില്‍ താളം കണ്ടെത്തിയ ആദിത്യ സര്‍വാതെയ്ക്കൊപ്പം അഹമ്മദ് ഇമ്രാന്‍ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. സര്‍വാതെ അര്‍ധ സെഞ്ചുറി പിന്നിട്ടുനില്‍ക്കെ ഇമ്രാന്റെ വിക്കറ്റ് വീണു. 83 പന്തില്‍ 37 റണ്‍സെടുത്ത ഇമ്രാനെ യാഷ് താക്കൂറിന്റെ പന്തില്‍ സബ്സ്റ്റിറ്റ്യൂട്ടായ അമന്‍ മൊഖാഡെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 120 പന്തില്‍ 66 റണ്‍സുമായി സര്‍വാതെയും 23 പന്തില്‍ ഏഴ് റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. വിദര്‍ഭയ്ക്കായി ദര്‍ശന്‍ രണ്ടും യാഷ് താക്കൂര്‍ ഒരു വിക്കറ്റും നേടി.


ALSO READ: കലാശപ്പോരിന്റെ ഒന്നാം ദിനം വിദര്‍ഭ തട്ടിയെടുത്തു; കേരളത്തിനെതിരെ നാല് വിക്കറ്റിന് 254 റണ്‍സ്


നേരത്തെ, മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്ന വിദര്‍ഭയെ 125 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് കേരളം ചുരുട്ടിക്കെട്ടിയത്. നാല് വിക്കറ്റിന് 254 എന്ന നിലയില്‍ കളി തുടങ്ങുമ്പോള്‍, 259 പന്തില്‍ 138 റണ്‍സുമായി ഡാനിഷും 13 പന്തില്‍ അഞ്ച് റണ്‍സുമായി യാഷ് താക്കൂറുമായിരുന്നു ക്രീസില്‍. എന്നാല്‍ കേരളം ന്യൂബോള്‍ എടുത്തതോടെ രണ്ടാം ദിനത്തിന്റെ ആദ്യ സെഷനില്‍ തന്നെ വിദര്‍ഭ തിരിച്ചടി നേരിട്ടു. 285 പന്തില്‍ 153 റണ്‍സെടുത്തു നിന്ന ഡാനിഷിനെ എന്‍.പി. ബേസില്‍ ബൗള്‍ഡാക്കുകയായിരുന്നു. ഡാനിഷിനൊപ്പം രാത്രിക്കാവല്‍ നിന്ന യാഷ് താക്കൂറിന്റെ വിക്കറ്റായിരുന്നു അടുത്തത്. ബേസിലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് യാഷ് താക്കൂര്‍ പുറത്തായത്. 60 പന്ത് നേരിട്ട യാഷ് 25 റണ്‍സ് നേടി. തൊട്ടടുത്ത ഓവറില്‍ യാഷ് റാത്തോഡിനെയും (3) കേരളം മടക്കി. ഈഡന്റെ പന്തില്‍ രോഹന്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. അക്ഷയ് വാഡ്‌കര്‍ (9), അക്ഷയ് കര്‍നെവാര്‍ (12), നചികേത് ഭൂട്ടെ (32) ഹര്‍ഷ് ദുബെ ( പുറത്താകാതെ 12), എന്നിവരുടെ ചെറുത്തുനില്‍പ്പുകള്‍ അധികം നീണ്ടില്ല.


ALSO READ:  രണ്ടാംദിനം പിടിമുറുക്കി കേരളം; വിദര്‍ഭ 379 റണ്‍സിന് പുറത്ത്


ആദ്യദിനം തകര്‍ച്ചയില്‍ നിന്ന് തുടങ്ങിയ വിദര്‍ഭ പിന്നീട് മത്സരം സ്വന്തമാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയ്ക്ക് പാര്‍ഥ് രേഖാഡെ (0), ദര്‍ശന്‍ നല്‍ക്കാണ്ടെ (1), ധ്രുവ് ഷോറെ (16) എന്നിവരുടെ വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടപ്പെട്ടിരുന്നു. മൂന്ന് വിക്കറ്റിന് 24 എന്ന നിലയില്‍നിന്ന് ഡാനിഷ് മാലെവാറും കരുണ്‍ നായരും ചേര്‍ന്നാണ് വിദര്‍ഭയെ മുന്നോട്ടുനയിച്ചത്. കേരളത്തിന്റെ ബൗളിങ് ആക്രമണത്തെ ഇരുവരും ക്ഷമയോടെ നേരിട്ടു. നല്ല പന്തുകളെ ബഹുമാനിച്ചും മോശം പന്തുകളെ അതിര്‍ത്തി കടത്തിയും ഡാനിഷ് ആക്രമിച്ചുകളിച്ചപ്പോള്‍, പ്രതിരോധത്തിലൂന്നിയായിരുന്നു കരുണിന്റെ ബാറ്റിങ്. 188 പന്തില്‍ എട്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 86 റണ്‍സുമായി നില്‍ക്കുമ്പോഴായിരുന്നു കരുണിന്റെ മടക്കം. ഏഡന്‍ എറിഞ്ഞ പന്ത് വൈഡായി കീപ്പറെയും ഫസ്റ്റ് സ്ലിപ്പിനെയും മറികടക്കുന്നത് കണ്ടുള്ള കരുണിന്റെ ഓട്ടമാണ് പിഴച്ചത്. റണ്ണിനായുള്ള വിളി നോണ്‍ സ്ട്രൈക്ക് എന്‍ഡിലുള്ള ഡാനിഷ് ആദ്യം സ്വീകരിച്ചെങ്കിലും പിന്നീട് നിരസിച്ചു. രോഹന്‍ അതിനിടെ ഓടി പന്ത് എടുത്തിരുന്നു. കരുണ്‍ തിരികെ ക്രീസിലേക്ക് എത്തുംമുന്‍പേ രോഹന്റെ നേരിട്ടുള്ള ഏറ് സ്റ്റംപ് തെറിപ്പിച്ചു. നിരാശയോടെ ബാറ്റ് വലിച്ചെറിഞ്ഞായിരുന്നു കരുണിന്റെ മടക്കം. കരുണും ഡാനിഷും ചേര്‍ന്ന് 215 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. കേരളത്തിനുവേണ്ടി നിതീഷും ഈഡന്‍ മൂന്ന് വിക്കറ്റ് വീതം നേടി. ബേസില്‍ എന്നിവര്‍ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും നേടി.

KERALA
VIDEO| എമ്പുരാൻ റിലീസിന് മുന്നോടിയായി മോഹൻലാൽ ശബരിമലയിൽ; പമ്പയിൽ കെട്ടു നിറച്ച് മലകയറും
Also Read
user
Share This

Popular

KERALA
KERALA
കൊലപാതകത്തിലേക്ക് നയിച്ചത് സ്‌നേഹം കുറഞ്ഞെന്ന തോന്നല്‍; വേദനയായി കണ്ണൂരിലെ കുഞ്ഞുങ്ങള്‍