ക്വാർട്ടറിൽ ഒരു റൺസിൻ്റെ ലീഡിൽ സെമിയിൽ കടന്ന കേരളം, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രഞ്ജി ഫോർമാറ്റിൻ്റെ പരമാവധി ആനുകൂല്യം മുതലാക്കുകയാണ് ചെയ്യുന്നത്.
റെഡ് ബോളിൽ ക്രിക്കറ്റ് കളിക്കാനറിയില്ലെങ്കിൽ പേരുകേട്ട ഇന്ത്യൻ ക്രിക്കറ്റർമാർ ഈ മലയാളി പിള്ളേരുടെ ബാറ്റിങ്ങൊന്ന് കാണണം. ന്യൂസിലൻഡിനും ഓസ്ട്രേലിയയ്ക്കും മുന്നിൽ ചീട്ടുകൊട്ടാരം കണക്കെ തകർന്ന കോഹ്ലി ഉൾപ്പെടെയുള്ള ഇന്ത്യയുടെ മുൻനിര ടെസ്റ്റ് ബാറ്റർമാർക്ക്, ഭാവിയിൽ നോക്കി പകർത്താവുന്നൊരു ബാറ്റിങ് തന്ത്രവുമായാണ് കേരള രഞ്ജി ടീം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയത്.
രഞ്ജി ട്രോഫിയിലെ ഒന്നാം സെമി ഫൈനലിൽ ഗുജറാത്തിനെ പ്രതിരോധത്തിലൂന്നിയുള്ള ബാറ്റിങ് തന്ത്രത്തിലൂടെ കേരളത്തിൻ്റെ മുൻനിര ബാറ്റർമാർ അമിതസമ്മർദ്ദത്തിലേക്ക് തള്ളിവിടുന്ന കാഴ്ചയാണ് അഹമ്മദാബാദിൽ കാണാനാകുന്നത്. ഒന്നാമിന്നിങ്സിൽ പരമാവധി പന്തുകൾ കളിച്ച് കൂറ്റൻ സ്കോർ നേടാനും, അതോടൊപ്പം ഗുജറാത്തിന് ബാറ്റ് ചെയ്യാൻ കുറച്ച് ഓവറുകൾ മാത്രം അനുവദിക്കുന്നതിലൂടെ അവരെ അതിവേഗം റണ്ണടിച്ച് കൂട്ടാൻ നിർബന്ധിതരാക്കുകയും വേഗം പുറത്താക്കുകയുമാണ് കേരളം ലക്ഷ്യമിടുന്നത്. ക്വാർട്ടറിൽ ഒരു റൺസിൻ്റെ ലീഡിൽ സെമിയിൽ കടന്ന കേരളം, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രഞ്ജി ഫോർമാറ്റിൻ്റെ പരമാവധി ആനുകൂല്യം മുതലാക്കുകയാണ് ചെയ്യുന്നത്.
രണ്ടാം ദിനം കളി നിർത്തുമ്പോൾ, ഒന്നാമിന്നിങ്സിൽ 177 ഓവറിൽ കേരളം ഏഴു വിക്കറ്റ് നഷ്ടത്തിൽ 418 റൺസെടുത്തിട്ടുണ്ട്. മുഹമ്മദ് അസ്ഹറുദീൻ (303 പന്തിൽ 149), ആദിത്യ സർവാതെ (10) എന്നിവരാണ് ക്രീസിലുള്ളത്. രണ്ടാം ദിനം കേരള നായകൻ സച്ചിൻ ബേബി (69), സൽമാൻ നിസാർ (202 പന്തിൽ 52), അഹമ്മദ് ഇമ്രാൻ (24) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സെഞ്ചുറിയിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ച സച്ചിനെ നാഗ്വസ്വല്ലയുടെ പന്തിൽ ആര്യ ദേശായി മനോഹരമായൊരു ക്യാച്ചിലൂടെ പുറത്താക്കി. തലേന്നത്തെ സ്കോറിനോട് ഒരു റൺ പോലും ചേർക്കാതെയാണ് നായകൻ മടങ്ങിയത്.
പിന്നീട് ക്രീസിലെത്തിയ സൽമാൻ കഴിഞ്ഞ മത്സരത്തിലെ ഫോമിൻ്റെ തുടർച്ചയിലാണ് താനെന്ന് വ്യക്തമാക്കുന്ന ഇന്നിങ്സാണ് കളിച്ചത്. റൺസ് സ്കോർ ചെയ്യാൻ തിടുക്കം കാണിക്കാതെ ഓരോ പന്തും ശ്രദ്ധയോടെ കളിക്കുന്ന കേരള ബാറ്റർമാരെയാണ് ഈ രണ്ട് ദിവസങ്ങളിലും കാണാനായാത്. ഗുജറാത്ത് നിരയിൽ അർസൻ നാഗ്വസ്വല്ല രണ്ട് വിക്കറ്റും പ്രിയജിത് സിങ് ജഡേജയും രവി ബിഷ്ണോയിയും അഹമ്മദ് ഇമ്രാനും ഓരോ വീതം വിക്കറ്റും വീഴ്ത്തി. രവി ബിഷ്ണോയി ഉൾപ്പെടെയുള്ള പേരുകേട്ട ഗുജറാത്തി ബൗളർമാർക്ക് മുന്നിൽ ക്ഷമയോടെ ബാറ്റുവീശുന്ന കേരളത്തിൻ്റെ ബാറ്റർമാർ മുൻനിര ടീമുകളെയെല്ലാം വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ആദ്യ ദിനങ്ങളിൽ പുറത്തെടുത്തത്.
രഞ്ജി ട്രോഫിയിൽ കേരളത്തിനായി സെഞ്ചുറി നേടിയ സന്തോഷത്തിലാണ് മുഹമ്മദ് അസ്ഹറുദ്ദീൻ്റെ കുടുംബവും പ്രദേശവാസികളും. കാസർഗോഡ് തളങ്കര സ്വദേശിയായ അസ്ഹറുദ്ദീൻ നാട്ടിലെ ക്ലബ് മത്സരങ്ങളിലൂടെയാണ് കേരള ടീമിലെത്തിയത്. ഫൈനലിൽ പ്രവേശിക്കുന്ന കേരള ടീം വിജയിക്കുമെന്നും അസ്ഹർ ഇന്ത്യൻ ടീമിൽ പ്രവേശിക്കുമെന്നുമാണ് നാട്ടുകാരുടെ പ്രതീക്ഷ...
ALSO READ: രഞ്ജി ട്രോഫി: പട നയിച്ച് നായകൻ, ആദ്യ ദിനം കരുതലോടെ ബാറ്റ് വീശി കേരളം