കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത്
സഞ്ജയ് മൽഹോത്ര
പുതിയ ധനനയ പ്രഖ്യാപനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 6.25 ശതമാനമാക്കി കുറച്ചാണ് ആർബിഐയുടെ പുതിയ നയപ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത്. പുതിയ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടേതാണ് തീരുമാനം. ഇതോടെ ബാങ്കുകളിലെ പലിശ നിരക്കും കുറയും.
മുംബൈയിൽ ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ തീരുമാനം. റിപ്പോ നിരക്ക് കുറയ്ക്കുന്നതിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തു പകരാൻ കഴിയുമെന്നും ആർബിഐയുടെ സമിതി വ്യക്തമാക്കി.
പലിശനിരക്ക് 25 പോയിൻ്റ് കുറച്ച് 6.5ൽ നിന്ന് 6.25 ശതമാനമാക്കി താഴ്ത്തിക്കൊണ്ടാണ് ആർബിഐയുടെ പുതിയ ധനനയം. റിപ്പോ നിരക്കിൽ ഇത്തവണ ധനസമിതി കുറവ് വരുത്തുമെന്ന് നേരത്തെ സൂചന നൽകിയിരുന്നുവെങ്കിലും 25 പോയിൻ്റ് കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
പുതിയ സാമ്പത്തിക വർഷത്തിലെ പ്രതീക്ഷിത ജിഡിപി വളർച്ചാനിരക്ക് 6.7 ശതമാനമാണെന്നും ആർബിഐ പ്രഖ്യാപിച്ചു. നിക്ഷേപ സാധ്യതാ നിരക്ക് 6.0 ശതമാനമാണെന്നും, മാർജിനൽ സ്റ്റാൻഡിങ് നിരക്ക് 6.5 ശതമാനമെന്നും ആർബിഐ വ്യക്തമാക്കി. വർധിച്ചുവരുന്ന ഡിജിറ്റൽ തട്ടിപ്പുകളുടെ കാര്യത്തിലും മൽഹോത്ര ആശങ്ക പ്രകടിപ്പിച്ചു. സൈബർ തട്ടിപ്പുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രതിരോധരീതികൾ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ബാങ്കുകളോട് ആവശ്യപ്പെട്ടു.
എന്താണ് റിപ്പോ നിരക്ക്
വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് എടുക്കുന്ന വായ്പകൾക്ക് നൽകേണ്ട പലിശ നിരക്കാണ് റിപ്പോ. ഈ നിരക്കിലെ വ്യത്യാസത്തിന് അനുസരിച്ചാണ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബാങ്കുകൾ നൽകുന്ന വായ്പകളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. അതിനാൽ റിപ്പോ നിരക്ക് കുറച്ചാൽ ബാങ്കുകളും പലിശ നിരക്ക് കുറയ്ക്കാൻ നിർബന്ധിതരാകും.
ഇതിന് മുമ്പ് 2023 ഫെബ്രുവരിയിലാണ് ആർബിഐ റിപ്പോ നിരക്കുകളിൽ മാറ്റം വരുത്തുന്നത്. മൂന്ന് ആർബിഐ അംഗങ്ങളും മൂന്ന് ബാഹ്യ അംഗങ്ങളും അടങ്ങുന്ന മോണിറ്ററി പോളിസി കമ്മിറ്റി, 2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. എന്നാൽ കോവിഡ് കാല പ്രതിസന്ധികൾക്ക് പിന്നാലെ കഴിഞ്ഞ 11 മീറ്റിങ്ങുകളിലും ആർബിഐ റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ തുടരുകയായിരുന്നു.