മികച്ച രീതിയിൽ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നത് പോലെ പ്രധാനമാണ് അവരെ അക്കാര്യം അറിയിക്കുന്നത് എന്നായിരുന്നു മോദിയുടെ പ്രസ്താവന
എൻഡിഎ സർക്കാർ മികച്ച പ്രകടനം കാഴ്ച വെച്ചാൽ മാത്രം പോര, അത് ജനങ്ങളിൽ എത്തിക്കുകയും അവരെ അറിയിക്കുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം മോദി സർക്കാരിൻ്റെ മന്ത്രിമാരുടെ സമ്പൂർണ്ണ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. അടുത്ത 5 വർഷത്തേക്കുള്ള പ്രവർത്തന രൂപരേഖയും മോദി യോഗത്തിൽ അവതരിപ്പിച്ചു.
പ്രധാന വകുപ്പുകളിലെ സെക്രട്ടറിമാരാണ് അതത് വകുപ്പുകളിലെ 5 വർഷത്തെ പ്രവർത്തന രേഖ അവതരിപ്പിച്ചത്. തൻ്റെ കഴിഞ്ഞ രണ്ട് സർക്കാരുകളിൽ നിന്ന് വ്യതസ്തമായി, ചെയ്യുന്ന പ്രവർത്തനങ്ങൾ കൃത്യമായി ജനങ്ങളിലെത്തിക്കാൻ ശ്രമിക്കണമെന്നായിരുന്നു മോദിയുടെ നിർദേശം. മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ചെയ്യുന്നത് പോലെ പ്രധാനമാണ് ജനങ്ങളിൽ ഇക്കാര്യം എത്തിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷമായി തുടരുന്ന റിഫോം, പെർഫോം, ട്രാൻസ്ഫോം എന്നീ വാക്കുകളുടെ കൂടെ 'ഇൻഫോം' എന്നുകൂടി ചേർക്കണമെന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രസ്താവന.
കഴിഞ്ഞ രണ്ട് മോദി മന്ത്രി സഭകളിലെയും മന്ത്രിമാർ പത്രസമ്മേളനങ്ങൾ നടത്തുന്നത് പോലും ഒഴിവാക്കിയിരുന്നു. എന്നാൽ 40 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഉദ്യോഗസ്ഥരോട് ജനങ്ങളുമായി പദ്ധതികളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും സംവദിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. സുഷമ സ്വരാജ് ഭവനിൽ വൈകിട്ട് ആറിന് ആരംഭിച്ച യോഗം രാത്രി 10.30 വരെ നീണ്ടു.
അതേസമയം, നരേന്ദ്ര മോദിയുടെ ജനപ്രീതി ഏഴര ശതമാനത്തോളം ഇടിഞ്ഞതായാണ് ഇന്ത്യ ടുഡേ സർവേ വ്യക്തമാക്കുന്നത്. മോദിക്ക് ശേഷം അടുത്ത പ്രധാനമന്ത്രിയാകാൻ യോഗ്യനാര് എന്ന ചോദ്യത്തിന് രാഹുൽ ഗാന്ധി എന്നായിരുന്നു കൂടുതൽ പേരുടെയും പ്രതികരണം. 'മൂഡ് ഓഫ് ദി നേഷൻ' എന്ന ഇന്ത്യ ടുഡേ സർവേയിലേതാണ് ഈ വിവരങ്ങൾ. രാഹുലിൻ്റെ ജനപ്രീതി എട്ട് ശതമാനം വർധിച്ചതായും സർവേ ഫലത്തിൽ പറയുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ജനമെങ്ങനെ ചിന്തിക്കുന്നുവെന്നറിയാൻ നടത്തിയ സർവേയാണ് രാഹുൽഗാന്ധിയുടെ ജനപ്രീതി വർധിച്ചെന്ന് കണ്ടെത്തിയത്. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരാകണം എന്ന ചോദ്യത്തിന് മോദി ഒന്നാംസ്ഥാനത്ത് തുടരുന്നുവെങ്കിലും റേറ്റിംഗ് 50 ശതമാനത്തിൽ താഴെയെത്തിയതായി സർവേ പറയുന്നു.