റോയിട്ടേഴ്സിൻ്റെ പുതിയ സർവെ പ്രകാരം കമലാ ഹാരീസിനെ 49 ശതമാനം പേരും ട്രംപിനെ 46 ശതമാനം പേരും പിന്തുണക്കുന്നു
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായി ബൈഡന് പകരം കമലാ ഹാരിസ് എത്തിയതോടെയാണ് മത്സരം കടുത്തത്. ആദ്യഘട്ടത്തിൽ കമലാ ഹാരിസ് മേൽക്കൈ നേടിയെങ്കിലും നവംബർ അഞ്ചോട് അടുക്കുമ്പോൾ കമലയുടെ ആധിപത്യം കുറയുന്നുവെന്നാണ് റിപ്പോർട്ടുകൾ.
റോയിട്ടേഴ്സിൻ്റെ ഏറ്റവും പുതിയ സർവെ പ്രകാരം കമലാ ഹാരീസിനെ 49 ശതമാനം പേരും ട്രംപിനെ 46 ശതമാനം പേരും പിന്തുണക്കുന്നുണ്ട്. തൊട്ടുമുൻപു നടത്തിയ റോയിട്ടേഴ്സ് സർവേയിൽ ലഭിച്ചതിലും രണ്ടു ശതമാനം വോട്ട് കമലയ്ക്കു കുറഞ്ഞു. കമലയുടെ ജനകീയതയിൽ കുറവ് സംഭവിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഏകദേശം 67 ദശലക്ഷം ആളുകളാണ് സെപ്റ്റംബർ പത്തിന് നടന്ന പ്രസിഡൻഷ്യൽ ഡിബേറ്റ് ടെലിവിഷനിൽ കണ്ടത്. പുതുതായി നൽകിയ അഭിമുഖങ്ങളും പ്രചാരണത്തിലെ പ്രസംഗങ്ങളും ഡിബേറ്റിലെ നിലവാരത്തോട് ഉയർന്നില്ലെന്നാണ് വിമർശനം.
ALSO READ: "ഇറാൻ്റെ ആണവകേന്ദ്രങ്ങള്‍ ആദ്യം ആക്രമിക്കൂ"; ഇസ്രയേലിനോട് ട്രംപ്
സാമ്പത്തിക, കുടിയേറ്റ വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകൾ കമലാ ഹാരീസിന് തിരിച്ചടിയായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു. ട്രംപിൻ്റെ സാമ്പത്തിക നയങ്ങളെ 44 ശതമാനം പേർ അനുകൂലിക്കുമ്പോൾ കമലയെ പിന്തുണക്കുന്നത് 38 ശതമാനം മാത്രമാണ്. അനധികൃത കുടിയേറ്റക്കാർ രാജ്യത്തിന് ഭീഷണി ആണെന്ന ട്രംപിൻ്റെ നയത്തെയാണ് സർവെയിൽ പങ്കെടുത്ത 53 ശതമാനം പേരും പിന്തുണച്ചത്.
അതേസമയം സംസ്ഥാന കക്ഷികൾ നേടുന്ന ഇലക്ടറൽ കോളജ് വോട്ടുകളാകും പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിർണായകമാകുക. നിർണായക സ്റ്റേറ്റുകളിൽ ഏറ്റവും കൂടുതൽ ഇലക്ടറൽ കോളജ് വോട്ടുള്ള സംസ്ഥാനമാണ് പെൻസിൽവാനിയ. ഈ സ്റ്റേറ്റിൽ ഉൾപ്പടെ വിസ്കോസിനിലും, മിഷിഗണിലും ഓഗസ്റ്റിൻ്റെ ആദ്യത്തിൽ കമല മുന്നിട്ട് നിന്നെങ്കിലും ലീഡ് കുറയുന്ന ട്രെൻഡ് ആണ് പിന്നീടിങ്ങോട്ട് കണ്ടത്.