ബിജെപിയെ സ്തുതിച്ചെഴുതിയ ഗാനങ്ങളെല്ലാം രാഹുൽ ഗാന്ധിയെ തരംതാഴ്ത്തുന്ന രീതിയിലുള്ളതായിരുന്നെന്നും മിത്തൽ സമ്മതിക്കുന്നു
റോക്കി മിത്തൽ
ബിജെപിയെ സ്തുതിച്ച് ഗാനങ്ങൾ എഴുതിയതിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ക്ഷമാപണം നടത്തി ഹരിയാന ഗായകനും സംഗീത സംവിധായകനുമായ റോക്കി മിത്തൽ. ഗായകൻ ബിജെപി പാർട്ടി വിട്ടതിനെ തുടർന്നാണ് രാഹുലിനോട് ക്ഷമാപണം നടത്തിയത്. ബിജെപിയെ സ്തുതിച്ചെഴുതിയ ഗാനങ്ങളെല്ലാം രാഹുൽ ഗാന്ധിയെ തരംതാഴ്ത്തുന്ന രീതിയിലുള്ളതായിരുന്നെന്നും മിത്തൽ സമ്മതിക്കുന്നു.
"ഞാൻ ബിജെപിയുടെ അന്ധനായ ഭക്തനായിരുന്നു, എന്നോട് ക്ഷമിക്കൂ എൻ്റെ സഹോദരനായ രാഹുൽ," ഇങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു റോക്കി മിത്തലിൻ്റെ ക്ഷമാപണം. കഴിഞ്ഞ 14 വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ചുകൊണ്ട് 200ലധികം ഗാനങ്ങളും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വേണ്ടി 20ലധികം ഗാനങ്ങളും ആലപിച്ചിട്ടുണ്ടെന്ന് മിത്തൽ പറയുന്നു.
ALSO READ: പൗരത്വ നിയമ ഭേദഗതി പ്രകാരം പാകിസ്ഥാൻ പൗരന് ഇന്ത്യൻ പൗരത്വം; രേഖകള്‍ കൈമാറി ഗോവ മുഖ്യമന്ത്രി
രാഹുലിനെതിരെ മോശം വാക്കുകൾ ഉപയോഗിച്ച് നൂറ് കണക്കിന് ഗാനങ്ങൾ താൻ ആലപിച്ചിട്ടുണ്ട്. ആ വാക്കുകൾ പറയാൻ പോലും ആഗ്രഹിക്കുന്നില്ല. എന്നാൽ ഇന്നേവരെ രാഹുൽ തനിക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല, മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുമില്ല. പക്ഷെ 14 വർഷത്തോളം താൻ ആരെ പുകഴ്ത്തി പാടിയോ അവർ എന്നെ ജയിലിലടച്ചെന്നും മിത്തൽ പറയുന്നു.
"ഞാൻ ഔദ്യോഗികമായി ഒരു പാർട്ടിയിലും ചേർന്നിട്ടില്ല, ഭാവിയിൽ ചേരുകയുമില്ല. പക്ഷെ കോൺഗ്രസിനെ പിന്തുണയ്ക്കും. കാരണം ജനങ്ങളുടെ നന്മയ്ക്കായി ഇത്തവണ ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് വിശ്വസിക്കുന്നു," മിത്തൽ വ്യക്തമാക്കി. തെറ്റ് ചെയ്താൽ അത് മനസ്സിലാക്കി മാപ്പ് പറയാനുള്ള കടമ ഒരാൾക്കുണ്ട്. അതുകൊണ്ടാണ് രാഹുലിനോട് ക്ഷമാപണം നടത്തിയതെന്നും മിത്തൽ പറഞ്ഞു.
കൈതലിൽ ഒരു പ്രതിഷേധത്തിനിടെ ജഡ്ജിയോട് മോശമായി പെരുമാറുകയും ആക്രമിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് 2021 മാർച്ച് 13ന് റോക്കി മിത്തലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജയിലിലേക്ക് അയച്ച് ജാമ്യത്തിൽ വിടുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി തനിക്കെതിരെ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും നിസ്വാർത്ഥമായി പ്രവർത്തിച്ചിട്ടും പാർട്ടി തന്നെ അവഗണിച്ചെന്നും ആരോപിച്ചാണ് ഓഗസ്റ്റ് ഒന്നിന് മിത്തൽ ബിജെപി പാർട്ടി വിട്ടത്.