fbwpx
ടെസ്റ്റ് റാങ്കിങ്ങില്‍ താഴേക്ക് വീണ് രോഹിത്തും കോഹ്‌ലിയും; നാണക്കേടിനിടെ ആശ്വാസമായി ജയ്‌സ്വാളും ബുമ്രയും
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Jan, 2025 04:26 PM

ആദ്യ പത്തു സ്ഥാനങ്ങളിൽ ഇന്ത്യക്കാരനായി ജയ്‌സ്വാൾ മാത്രമേയുള്ളൂ

CRICKET


ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ താഴേക്ക് പതിച്ച് ഇന്ത്യയുടെ സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും. ബാറ്റർമാരുടെ പട്ടികയിൽ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 40-ാം സ്ഥാനത്താണ്. അതേസമയം, പരമ്പരയിൽ ഒരു സെഞ്ചുറി നേടിയ വിരാട് കോഹ്ലി 24-ാം സ്ഥാനത്ത് തുടരുകയാണ്.

ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇംഗ്ലീഷ് താരം ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ന്യൂസിലന്‍ഡിൻ്റെ കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാള്‍ നാലാം സ്ഥാനത്തുണ്ട്. ആദ്യ പത്തു സ്ഥാനങ്ങളിൽ ഇന്ത്യക്കാരനായി ജയ്‌സ്വാൾ മാത്രമേയുള്ളൂ.

ഇന്ത്യക്കെതിരായ അവസാന രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ഓസീസ് താരം ട്രാവിസ് ഹെഡ് അഞ്ചാം സ്ഥാനത്തേക്ക് വീണു. പാകിസ്താൻ ക്യാപ്റ്റന്‍ സൗദ് ഷക്കീല്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാമതെത്തി. സ്റ്റീവ് സ്മിത്ത് ഏഴാമതാണ്. ശ്രീലങ്കയുടെ മെൻഡിസ് എട്ടാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ ടെമ്പ ബാവുമ ഒമ്പതാം സ്ഥാനത്തും ന്യൂസിലൻഡിന്റെ മിച്ചൽ പത്താം സ്ഥാനത്തുമാണ്.


ALSO READ: ബുമ്രയുടെ പരുക്ക് ഗുരുതരം; നിർണായക പരമ്പരകൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്


ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനം നിലനിർത്തി. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ 32 വിക്കറ്റുമായി ബുമ്ര പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 907 റാങ്കിങ് പോയിന്റാണ് ബുമ്രയ്ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ ജോഷ് ഹേസൽവുഡിന് 843 പോയിന്റാണുള്ളത്. ഓസ്ട്രേലിയയുടെ നായകൻ പാറ്റ് കമ്മിൻസ്, ദക്ഷിണാഫ്രിക്കയുടെ റബാഡ, മാർക്കോ ജാൻസൺ എന്നിവരാണ് യഥാക്രമം 3, 4, 5 സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാണ് ഓൾറൗണ്ടർ പട്ടികയിൽ ഒന്നാമത്. 405 പോയിന്റാണ് ജഡേജയുടെ സമ്പാദ്യം. 284 പോയിന്റുള്ള മെഹ്ദി ഹസൻ മിറാസ് രണ്ടാമതും, 283 പോയിന്റുള്ള പാറ്റ് കമ്മിൻസ് മൂന്നാമതുമാണ്. ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ ജാൻസൺ ഓൾറൗണ്ടർ പട്ടികയിൽ നാലാമതും ബംഗ്ലാദേശിന്റെ ഷാക്കിബുൾ ഹസൻ അഞ്ചാം സ്ഥാനത്തുമാണ്.


Also Read
user
Share This

Popular

KERALA
BOLLYWOOD MOVIE
അനന്തപുരിയില്‍ പൂരാവേശം; കാല്‍ നൂറ്റാണ്ടിനു ശേഷം കപ്പെടുത്ത് തൃശൂർ