പ്രതികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്
ഡൽഹി ലഹോരി ഗേറ്റിൽ പട്ടാപ്പകൽ 80 ലക്ഷം രൂപ കൊള്ളയടിച്ചു. വ്യാപാരിയെ തോക്കിൻ മുനയിൽ നിർത്തിയാണ് കവർച്ച നടത്തിയത്. തോക്ക് ചൂണ്ടി പണമടങ്ങിയ ബാഗ് കവർന്നയുടൻ അക്രമി കടന്നുകളഞ്ഞു. ലഹോരി ഗേറ്റിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട പ്രദേശമായ ചാന്ദ്‌നി ചൗക്കിലാണ് സംഭവം. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ആയുധധാരിയായ വ്യക്തിയാണ് വ്യാപാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ശേഷം പണമടങ്ങിയ ബാഗുമായി ഇയാൾ കടന്നുകളയുകയായിരുന്നു. തിരക്കേറിയ ചാന്ദ്‌നി ചൗക്കിൽ പട്ടാപ്പകൽ നടന്ന ഈ കവർച്ച കടയുടമകളെയും പ്രദേശവാസികളെയും ഞെട്ടിപ്പിച്ചിട്ടുണ്ട്.
കവർച്ചയുടെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി ഈ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഇത് കൂടാതെ സമീപത്തുള്ള നിരീക്ഷണ സംവിധാനങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.