റഷ്യ രാജ്യത്തുടനീളം മാരക പ്രഹരശേഷിയുള്ള ഡ്രോണുകളും മിസൈലുകളും വർഷിച്ചതിന് പിന്നാലെയാണ് സഹായാഭ്യർഥനയുമായി സെലൻസ്കി രംഗത്തെത്തിയത്
യുക്രെയ്ൻ മേഖലയിൽ റഷ്യൻ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് സഹായം തേടി പ്രസിഡൻ്റ് വൊളൊഡിമിർ സെലൻസ്കി. റഷ്യ രാജ്യത്തുടനീളം മാരക പ്രഹരശേഷിയുള്ള ഡ്രോണുകളും മിസൈലുകളും വർഷിച്ചതിന് പിന്നാലെയാണ് സഹായാഭ്യർഥനയുമായി സെലൻസ്കി രംഗത്തെത്തിയത്. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയായിരുന്നു സെലൻസ്കിയുടെ പ്രതികരണം. തിങ്കളാഴ്ച 100ലധികം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യ യുക്രെയ്നെ ആക്രമിച്ചതായും സെലൻസ്കി വ്യക്തമാക്കി.
"റഷ്യൻ ആക്രമണത്തെ ചെറുക്കാനുള്ള പദ്ധതികൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഇതുവരെയുണ്ടായ ആക്രമണങ്ങളിൽ ഏറ്റവും വലുതായിരുന്നു ഇത്. നൂറിലധികം മിസൈലുകളും ഡ്രോണുകളും ഉൾപ്പെട്ട ഒരു സംയോജിത ആക്രമണമായിരുന്നു റഷ്യയുടേത്. മുൻപുള്ള റഷ്യൻ ആക്രമണങ്ങൾക്ക് സമാനമായി രാജ്യത്തെ പൊതുജനങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഊർജ മേഖലയ്ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്, എന്നാൽ വൈദ്യുതി മുടക്കം ബാധിച്ച എല്ലാ മേഖലകളിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇതിനകം പുരോഗമിക്കുകയാണ്," എക്സിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിൽ സെലൻസ്കി കുറിച്ചു.
ALSO READ: റഷ്യന്‍ അതിർത്തികളിൽ അധിനിവേശത്തിനൊരുങ്ങി യുക്രെയ്ന്‍
റഷ്യയിൽ നിന്നും ഡ്രോൺ മിസൈൽ ആക്രമണങ്ങളുണ്ടാവുന്ന സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ സഹായം ആവശ്യമാണ്. യൂറോപ്യൻ അയൽരാജ്യങ്ങൾ യുക്രെയ്ൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുമായും യോജിച്ച് പ്രവർത്തിച്ചാൽ, ജീവൻ സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും. പശ്ചിമേഷ്യയിൽ അത്തരം ഐക്യം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അത് യൂറോപ്പിലും പ്രവർത്തിക്കണം. ജീവിതത്തിന് എല്ലായിടത്തും ഒരേ മൂല്യമുണ്ട്," സെലൻസ്കി പറഞ്ഞു.
"ലോകം തനിക്കായി നിശ്ചയിച്ചിരിക്കുന്ന പരിധിക്കുള്ളിൽ നിന്ന് മാത്രമെ പുടിന് പ്രവർത്തിക്കാൻ കഴിയൂ. ഈ യുദ്ധം ന്യായമായി അവസാനിപ്പിക്കാൻ ആവശ്യമായ നിർണായക പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് ഓരോ നേതാവിനുമറിയാം. റഷ്യ അതിൻ്റെ മുഴുവൻ ആയുധങ്ങളുമുപയോഗിച്ച് ആക്രമിച്ചാൽ യുക്രെയ്ന് പ്രതിരോധിക്കാൻ സാധിക്കാതെ വരും. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് ഉൾപ്പെടെയുള്ള യുക്രെയ്ൻ്റെ മറ്റു പങ്കാളികൾ ഭീകരത തടയാൻ ഞങ്ങളെ സഹായിക്കാനുള്ള ശക്തിയുണ്ട്," സെലൻസ്കി പറഞ്ഞു.
യുക്രെയ്‌നായി 12 കോടി 50 ലക്ഷം ഡോളറിന്‍റെ പാക്കേജാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. ആയുധങ്ങളും പ്രതിരോധോപകരണങ്ങളും അടങ്ങുന്നതാണ് ഈ സഹായ പാക്കേജ്. 40,000-ത്തിന് മുകളില്‍ ജനസംഖ്യയുള്ള യുക്രെയ്നിലെ പോക്രോവ്സ്കിലേക്ക് റഷ്യ മുന്നേറ്റം നടത്തുന്നതിനിടെയാണ് യുക്രെയന് കൂടുതല്‍ സഹായം അനുവദിച്ച് കൊണ്ടുള്ള ജോ ബെെഡന്‍റെ പ്രഖ്യാപനം വന്നത്. ഇതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ന്‍ സന്ദർശിച്ചതും, റഷ്യക്ക് നയതന്ത്രപരമായി വലിയ ആഘാതം ഏൽപ്പിച്ചിരുന്നു. പിന്നാലെയാണ് റഷ്യ കനത്ത ആക്രമണം നടത്തിയത്.