ഡ്രോൺ ആക്രമണത്തിൽ ബഹുനില കെട്ടിടത്തിന് ഉൾപ്പെടെ തീപിടിച്ചതായി യുക്രെയ്‌നിലെ ഉദ്യോഗസ്ഥർ അറിയിച്ചു
യുക്രെയ്ൻ തലസ്ഥാനനഗരിയായ കീവിൽ റഷ്യയുടെ ഡ്രോൺ ആക്രമണം. കുട്ടികളുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു എന്നാണ് ലഭ്യമാകുന്ന വിവരം. ഡ്രോൺ ആക്രമണത്തിൽ ബഹുനില കെട്ടിടത്തിന് ഉൾപ്പെടെ തീപിടിച്ചതായി യുക്രെയ്‌നിലെ ഉദ്യോഗസ്ഥർ അറിയിച്ചു. റഷ്യ-യുക്രെയ്ൻ വെടിനിര്‍ത്തലിനെ സംബന്ധിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണള്‍ഡ് ട്രംപ് റഷ്യൻ പ്രസിഡൻ്റ് പുടിനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ യുക്രെയ്ന്‍ പ്രസിഡൻ്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കിയുമായും ഡൊണള്‍ഡ് ട്രംപ് ചര്‍ച്ച നടത്തിയിരുന്നു.
ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തില്‍ യുഎസ് മുന്നോട്ടുവെച്ച ഭാഗിക വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി സെലന്‍സ്‌കി അറിയിക്കുകയായിരുന്നു. അമേരിക്കന്‍ നേതൃത്വത്തിന് കീഴില്‍ ട്രംപിനൊപ്പം ചേര്‍ന്ന് സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്ന് സെലന്‍സ്‌കി പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
യുക്രെയ്നിലെ ഊർജ, അടിസ്ഥാന സൗകര്യങ്ങള്‍ക്കുനേർക്കുള്ള ആക്രമണം നിർത്തിവെയ്ക്കാന്‍ റഷ്യയും സമ്മതം അറിയിച്ചിരുന്നു. ട്രംപുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം പുറത്തുവിട്ടത്. യുക്രെയ്നുള്ള എല്ലാ വിദേശ സൈനിക സഹായവും ഇന്‍റലിജന്‍സ് സഹായങ്ങളും പൂർണമായും നിർത്തലാക്കണമെന്ന് റഷ്യൻ പ്രസിഡൻ്റ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് യുക്രെയ്ൻ്റെ തലസ്ഥാനനഗരത്തിലേക്ക് റഷ്യ ഡ്രോൺ ആക്രമണം നടത്തിയത്. "തൻ്റെ രാജ്യത്തെ ആക്രമിക്കുന്ന റഷ്യയ്‌ക്കെതിരെ "കൂടുതൽ ഉപരോധങ്ങൾ" ഏർപ്പെടുത്തണമെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വ്ളോഡിമിർ സെലൻസ്‌കി ആവശ്യപ്പെട്ടു. ഉപരോധ വ്യവസ്ഥയെ മറികടക്കാൻ അവരെ അനുവദിക്കുന്ന എല്ലാ പഴുതുകളും ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.